റാസൽഖൈമ: പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ റാസല്‍ഖൈമ ബസ്-ട്രക്ക് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും, പുതിയ ജീവിതം കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയില്‍ വിസ മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് യു.എ.ഇയിലേക്ക് മടങ്ങുകയായിരുന്നവരെന്ന് ട്രാവല്‍ ഏജന്‍സി അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സതേണ്‍ റീജിയന്‍സ് മേഖലയിലെ അല്‍വതന്‍ റോഡിലായിരുന്നു അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക്, 40 യാത്രക്കാരും ഡ്രൈവറുമടക്കം 41 പേരുമായി വന്ന ബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് റാസല്‍ഖൈമ പോലീസ് വ്യക്തമാക്കി.
ജോലി മാറുന്നവരും, പുതിയ തൊഴില്‍ വിസ ലഭിക്കുന്നതുവരെ താല്‍ക്കാലികമായി വിസിറ്റ് വിസയില്‍ തുടരുന്നവരുമായ പ്രവാസികളാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. ഞായറാഴ്ച ഒമാനിലേക്ക് പോയ ഇവര്‍, ഷാര്‍ജയില്‍ നിന്നുള്ള പുതിയ വിസിറ്റ് വിസകള്‍ ലഭിച്ചതോടെ തിങ്കളാഴ്ച യു.എ.ഇയിലേക്ക് തിരിക്കുകയായിരുന്നു. പുതിയ ജോലിയും ജീവിതവും ആരംഭിക്കാമെന്ന പ്രതീക്ഷയോടെയുള്ള ഇവരുടെ മടക്കയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.
വിവിധ ട്രാവല്‍ കമ്പനികള്‍ വഴി വിസ നടപടികള്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക്, പ്രാദേശിക ബസുകള്‍ വാടകയ്ക്കെടുത്ത് യാത്രാ സൗകര്യവും ടിക്കറ്റുകളും ഒരുക്കി നല്‍കിയത് തങ്ങളാണെന്ന് ബന്ധപ്പെട്ട ട്രാവല്‍ ഏജന്‍സി വ്യക്തമാക്കി.
മരണസംഖ്യയും രക്ഷാപ്രവര്‍ത്തനവും അപകടസ്ഥലത്തുവെച്ചുതന്നെ 11 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13 ആയി ഉയര്‍ന്നതായി പോലീസ് അറിയിച്ചു.
വിവരം ലഭിച്ചയുടന്‍ അല്‍മുനൈഅ് പോലീസ് സ്റ്റേഷന്‍, റാസല്‍ഖൈമ പോലീസ് സെര്‍ച്ച് ആന്റ് റെസ്‌ക്യൂ വിഭാഗം, ഹത്ത പോലീസ് പട്രോള്‍ സംഘം, ദുബായ് സിവില്‍ ഡിഫന്‍സ്, കാദ്ര പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നാഷണല്‍ ആംബുലന്‍സിന്റെ 16 ആംബുലന്‍സുകളും അഞ്ച് പ്രഥമ ശുശ്രൂഷാ വാഹനങ്ങളും സ്ഥലത്ത് വിന്യസിച്ചു. അപകടസ്ഥലത്തുവെച്ച് പ്രാഥമിക ചികിത്സ നല്‍കിയ 26 പേരില്‍ 14 പേരെയും, ദുബായ് ആംബുലന്‍സ് സര്‍വീസ് വഴി മറ്റ് ഒമ്പത് പേരെയും കല്‍ബ, അല്‍ദൈദ്, സഖര്‍, ഹത്ത എന്നീ ആശുപത്രികളിലേക്ക് മാറ്റി.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടല്‍ മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കുടുംബങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും, പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. സഹായങ്ങള്‍ക്കായി 800-46342 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.
അപകടത്തിന്റെ തീവ്രത കാരണം മരിച്ചവരുടെയും പരിക്കേറ്റവരുടെയും പൂര്‍ണ്ണവിവരങ്ങള്‍ തിരിച്ചറിയുന്ന നടപടികള്‍ സങ്കീര്‍ണ്ണമായി തുടരുകയാണ്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് തുടര്‍നടപടികള്‍ക്കായി കേസ് ഫയല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.



