റിയാദ്: സാമ്പത്തിക ബാധ്യതകളുടെ പേരിൽ കോടതികൾ ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ സൗദി അറേബ്യയിൽ നീങ്ങിത്തുടങ്ങി. 50,000 റിയാലിന് താഴെയുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിൽ എക്സിക്യൂഷൻ കോടതികൾ ഏർപ്പെടുത്തിയ യാത്രാവിലക്കുകളാണ് പിൻവലിക്കുന്നത്. ഇതോടെ വർഷങ്ങളായി നാട്ടിൽ പോകാൻ സാധിക്കാതെ കുടുങ്ങിക്കിടന്നിരുന്ന നിരവധി പ്രവാസികൾക്ക് നാടണയാൻ അവസരമൊരുങ്ങി.
കഴിഞ്ഞ മാസം 29 മുതലാണ് എക്സിക്യൂഷൻ നിയമങ്ങളിൽ സൗദി ഭരണകൂടം സുപ്രധാന ഭേദഗതി വരുത്തിയത്. യാത്രാവിലക്ക് ഒഴിവാകുമെങ്കിലും വ്യക്തിയുടെ സാമ്പത്തിക ബാധ്യത നിലനിൽക്കും. ഈ തുക അടച്ചുതീർക്കുകയോ അതിനെതിരെ കോടതിയിൽ കേസ് നൽകുകയോ വേണ്ടിവരും. അല്ലാത്തപക്ഷം വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഈടാക്കും.
പത്ത് വർഷത്തിലധികം പഴക്കമുള്ള പ്രോമിസറി നോട്ടുകളോ ഇടപാടുകൾ സംബന്ധിച്ച പഴയ കോടതി വിധികളോ ഇനി മുതൽ എക്സിക്യൂഷൻ കോടതികൾ സ്വീകരിക്കില്ല. എന്നാൽ ഭൂമി, വാടക ഇടപാടുകളിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് വന്ന യാത്രാവിലക്കുകൾക്ക് ഈ ഇളവ് ബാധകമല്ല. വെള്ളക്കടലാസുകളിൽ എഴുതിയതോ പ്രിന്റ് ചെയ്തതോ ആയ പ്രോമിസറി നോട്ടുകൾക്കും ഇനി നിയമസാധുതയുണ്ടാകില്ല. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്ന 50,000 റിയാലിന് മുകളിലുള്ള പ്രോമിസറി നോട്ടുകൾക്ക് മാത്രമേ ഇനി മുതൽ സ്വീകാര്യതയുള്ളൂ.
പുതിയ നിയമമനുസരിച്ച് ഇത്തരം കേസുകളിൽ സർക്കാർ സേവനങ്ങൾ തടസ്സപ്പെടുകയോ അറസ്റ്റ് നേരിടേണ്ടി വരികയോ ഇല്ല. നേരത്തെ യാത്രാവിലക്കുകൾ അനിശ്ചിതകാലത്തേക്കായിരുന്നുവെങ്കിൽ ഇപ്പോൾ അത് മൂന്ന് വർഷമായി ചുരുക്കി. പരാതിക്കാരൻ ആവശ്യപ്പെടുന്ന പക്ഷം മൂന്ന് വർഷം കൂടി നീട്ടി നൽകാമെങ്കിലും ഒരു കാരണവശാലും ആറ് വർഷത്തിലധികം യാത്രാവിലക്ക് നേരിടേണ്ടി വരില്ല.
ചികിത്സാ ആവശ്യങ്ങൾക്കായി സൗദിക്ക് പുറത്തുപോകേണ്ടവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും, ജോലിയുടെ ഭാഗമായി യാത്ര ചെയ്യേണ്ടവർക്ക് അനുബന്ധ രേഖകളും കോടതിയിൽ സമർപ്പിച്ച് യാത്രാവിലക്ക് നീക്കാൻ അപേക്ഷിക്കാവുന്നതാണ്. നേരത്തെ യാത്രാവിലക്കിന് പുറമെ അറസ്റ്റ് വാറണ്ടിനുള്ള അപേക്ഷയും നൽകാമായിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു.
സൗദിയിൽ പുതുതായി ജോലിക്കെത്തുന്ന തൊഴിലാളികളിൽ നിന്ന് ചില തൊഴിലുടമകൾ വെള്ളക്കടലാസിൽ ഒപ്പുവാങ്ങുന്ന രീതിയുണ്ടായിരുന്നു. തൊഴിലാളികൾ ജോലി മാറുമ്പോൾ ഇതിൽ വൻതുകകൾ എഴുതിച്ചേർത്ത് കോടതിയിൽ സമർപ്പിച്ച് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് പ്രവാസികൾക്ക് വലിയ കെണിയായിരുന്നു. പുതിയ നിയമഭേദഗതി ഇത്തരം ചൂഷണങ്ങൾ നടത്തുന്ന തൊഴിലുടമകൾക്ക് കനത്ത തിരിച്ചടിയാണ്.



