മസ്കത്ത്- ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണ ടാങ്കറിന് നേരെ ആക്രമണമുണ്ടായി. ഒമാനിലെ ഖസബിന് ഏകദേശം ഏഴ് നോട്ടിക്കൽ മൈൽ വടക്ക് വെച്ചാണ് സംഭവമുണ്ടായതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി (യു.കെ.എം.ടി.ഒ) അറിയിച്ചു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തിയോ പരിസ്ഥിതി ആഘാതമോ സംബന്ധിച്ച വിവരങ്ങൾ വ്യക്തമായിട്ടില്ല.
അതേസമയം, ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ ഭാഗത്തെ നിയന്ത്രിത മേഖലയിൽ മൈനിൽ ഇടിച്ചതിനെ തുടർന്ന് മറ്റൊരു എണ്ണ ടാങ്കറിന് തീപിടിച്ചതായി ഇറാൻ നാവികസേന ഇന്നലെ രാത്രി റിപ്പോർട്ട് ചെയ്തു. ടാങ്കറിന്റെ പേര്, പതാക, ജീവനക്കാരുടെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ഭീഷണി നേരിടുന്ന നാലാമത്തെ ടാങ്കറാണിത്.
ഇതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖെഷം ദ്വീപിന് തെക്ക് വെച്ച് അമേരിക്കയുടെ എം.ക്യു.എം-170 ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് നാവികസേന അവകാശപ്പെട്ടു. ഇലക്ട്രോണിക് യുദ്ധമുറയിലൂടെ ഡ്രോണിന്റെ നാവിഗേഷൻ സംവിധാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്താണ് കേടുപാടുകളൊന്നും കൂടാതെ നിലത്തിറക്കിയത്. പ്രദേശത്തെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാനെത്തിയ ഡ്രോണാണിതെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഈ വിഭാഗത്തിൽപ്പെട്ട നാലാമത്തെ ഡ്രോണും, ഹോർമുസ് കടലിടുക്കിന് സമീപം വ്യോമ പ്രതിരോധ യൂണിറ്റുകൾ കേടുപാടുകളില്ലാതെ പിടിച്ചെടുക്കുന്ന എട്ടാമത്തെ ഡ്രോണുമാണിതെന്ന് റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.



