ജിദ്ദ- സൗദി അറേബ്യൻ എയർലൈൻസുമായി (സൗദിയ) സഹകരിച്ച് എയർ കണക്റ്റിവിറ്റി പ്രോഗ്രാം ഡിസംബർ 1 മുതൽ ജിദ്ദയ്ക്കും മോസ്കോയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും മോസ്കോയിലെ ഷെറെമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക.
ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രാ സൗകര്യങ്ങൾ വിപുലപ്പെടുത്താനും വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും വരവ് സുഗമമാക്കാനും പുതിയ സർവീസ് സഹായിക്കും. പ്രധാന അന്താരാഷ്ട്ര വിപണികളിൽ നിന്ന് സൗദിയിലേക്കുള്ള വ്യോമഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
പുതിയ റൂട്ട് നിലവിൽ വരുന്നതോടെ പ്രധാന വ്യോമയാന ഹബ്ബ് എന്ന നിലയിലുള്ള ജിദ്ദ വിമാനത്താവളത്തിന്റെ പ്രാധാന്യം വർധിക്കും. റഷ്യയിൽ നിന്നും സമീപ രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്ക് ജിദ്ദയും മറ്റ് ചെങ്കടൽ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ ഇത് എളുപ്പമാക്കും. ഉംറ തീർഥാടനത്തോടൊപ്പം രാജ്യത്തിന്റെ സമ്പന്നമായ ചരിത്ര-സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന ടൂറിസം അനുഭവങ്ങളും ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.



