റാമല്ല- ഇസ്രായേൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെറിക്കോയ്ക്ക് പടിഞ്ഞാറുള്ള ദുയൂക് അൽതഹ്ത ഗ്രാമത്തിൽ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ വനിത കൊല്ലപ്പെട്ടു. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ശിരസ്സിൽ വെടിയേറ്റതിനെ തുടർന്നാണ് വയോധികയായ സ്ത്രീ മരിച്ചതെന്ന് ജെറിക്കോ ഗവൺമെന്റ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഡയറക്ടർ യഹ്‌യ മുഫ്‌റഹ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, ജെറിക്കോ മേഖലയിൽ ആക്രമണശ്രമം നടന്നതായി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും പ്രദേശത്ത് റോഡ് തടസ്സങ്ങൾ ഏർപ്പെടുത്തി സുരക്ഷ ശക്തമാക്കിയതായും സൈന്യം കൂട്ടിച്ചേർത്തു.
നവംബർ ആദ്യവാരം ജെറിക്കോ മേഖലയിലെ ഫലസ്തീൻ വീടുകളിലേക്ക് ഒരു സംഘം ഇസ്രായേൽ കുടിയേറ്റക്കാർ അതിക്രമിച്ചു കയറി താമസമാക്കിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിൽക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. കുടിയേറ്റക്കാരുടെ കടന്നുകയറ്റം കാരണം സ്വന്തം വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലുള്ള ഫലസ്തീൻ നിവാസികൾക്കിടയിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്.



