അബുദാബി: യു.എ.ഇയിലെ ആകെ ജനസംഖ്യ 12.06 ദശലക്ഷമായി (1.20 കോടിയിലധികം) ഉയർന്നതായി ഫെഡറൽ കോമ്പറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ 11.3 ദശലക്ഷമായിരുന്ന ജനസംഖ്യയിൽ 2025-ൽ ഏഴ് ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടെ ഏകദേശം 7,70,000 പേരുടെ വർധനവാണ് രാജ്യത്തുണ്ടായത്.
സ്ത്രീ-പുരുഷ അനുപാതം പുതിയ കണക്കുകൾ പ്രകാരം ആകെ ജനസംഖ്യയുടെ 64 ശതമാനവും പുരുഷന്മാരാണ്.
- പുരുഷന്മാർ: 7.7 ദശലക്ഷം (2024-ലെ 7.23 ദശലക്ഷത്തിൽ നിന്നും 6.7% വർധന).
- സ്ത്രീകൾ: 4.35 ദശലക്ഷം (ആകെ ജനസംഖ്യയുടെ 36 ശതമാനം. മുൻവർഷത്തെ 4 ദശലക്ഷത്തിൽ നിന്നും 7% വർധന).
ഔദ്യോഗിക ഭരണപരമായ രേഖകൾ ഉപയോഗിച്ച് രാജ്യത്തുള്ള മുഴുവൻ വ്യക്തികളുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന യു.എ.ഇ ജനസംഖ്യാ രജിസ്റ്റർ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
25 വർഷത്തിനിടെ 280 ശതമാനം വളർച്ച ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ യു.എ.ഇയുടെ ജനസംഖ്യയിലുണ്ടായ കുതിച്ചുചാട്ടവും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ജനസംഖ്യയിൽ ഏകദേശം 280 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
- 2000: 3.17 ദശലക്ഷം
- 2010: 6.8 ദശലക്ഷം (10 വർഷത്തിനിടെ 120% വളർച്ച)
- 2020: 9.3 ദശലക്ഷം (33% വളർച്ച)
- 2025: 12.06 ദശലക്ഷം (2020-ന് ശേഷം 29% വളർച്ച)
കഴിഞ്ഞ കാൽനൂറ്റാണ്ടായി രാജ്യം കൈവരിച്ച സാമ്പത്തിക-സാമൂഹിക പുരോഗതിയുടെയും ആഗോളതലത്തിൽ യു.എ.ഇക്കുണ്ടായ സ്വീകാര്യതയുടെയും പ്രതിഫലനമായാണ് ഈ ജനസംഖ്യാ വർധനവിനെ വിലയിരുത്തുന്നത്.



