റിയാദ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് സിത്താരെ 2026’ വൈവിധ്യമാര്‍ന്ന കലാ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികളോടെ സംഘടിപ്പിച്ചു. മലസിലെ ഷോല മാള്‍ ഹൈപര്‍ അല്‍ വഫയില്‍ നടന്ന ആഘോഷത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സാമൂഹികസാംസ്കാരിക രംഗത്തെ പ്രമുഖരുമടക്കം നിരവധി പേര് പങ്കെടുത്തു.
റിയാദിലെ ആറ് ഇന്ത്യന്‍ സ്കൂളുകള്‍ പങ്കെടുത്ത ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദ് ഒന്നാം സ്ഥാനവും ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. ഡോ. ഷൈന്‍ ക്വിസ് മാസ്റ്ററായി.
ആതുരസേവന രംഗത്തെ മികച്ച സംഭാവനകള്‍ക്ക് ഡോ. തോമസ് മാത്യു (പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയക് സെന്റര്‍), ഡോ. ജോസ് ക്ലീറ്റസ് (കിങ് സൗദ് മെഡിക്കല്‍ സിറ്റി), ഡോ. സഫീര്‍ (നൂറാന മെഡിക്കല്‍), ഡോ. ജെറി ജോണ്‍ ഉമ്മന്‍ (കിംസ് ജരീര്‍ മെഡിക്കല്‍), ഡോ. രാജ് ശേഖര്‍ (ശിഫ അല്‍ജസീറ) എന്നിവരെ മെഡിക്കല്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു.
മുഖ്യാതിഥിയായ ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ വൈ. എസ്. സാബിര്‍ മെഡിക്കല്‍ എക്സലന്‍സ് അവാര്‍ഡുകളും ക്വിസ് മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട്, അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കവിത ലത, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദ് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ്, ഇബ്രാഹിം സുബ്ഹാന്, ജയന് കൊടുങ്ങലൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കുട്ടികളുടെ ഫാഷന്‍ ഗാല മത്സരത്തില്‍ കൈറ രാധീഷ്, നിവേദിക സനീഷ്, നൃത വിഷ്ണു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മഹി ബിബിന്‍, ആശ സലിം, ദിവ്യ അനില്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി. മിറക്കിള്‍ ലേണിംഗ് ഓവര്‍സീസിന്റെ സിബി ജോസഫ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു. അഥിതി ഗായകന് നിസാം അലി, ആശ ഷിജു, അശ്വനി, തങ്കച്ചന്, സുരേഷ് എന്നിവരുടെ ഗാനാലാപനവും പോള്‍സ്റ്റാര്‍, നവ്യ ഡാന്‍സ് അക്കാദമി, വൈദേഹി ഡാന്‍സ് എന്നിവരുടെ നൃത്താവിഷ്കാരങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
റിയാദ് പ്രൊവിന്‍സ് പ്രസിഡന്റ് ജയകുമാര്‍ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ചെയര്മാന് ഡോ. ജയചന്ദ്രന്, സെക്രട്ടറി അനൂജ് പദ്മകുമാര്‍, ട്രഷറര്‍ ബിബിന്‍ ഭാസി, സലിം രാജന്, പത്മിനി നായര്‍, നൗഷാദ് കിളിമാനൂര്‍, സുരേഷ് ബാബു, ബിനോയ്, അജിത് കുമാര്‍, സാബു പുത്തന്‍പുരയ്ക്കല്‍, റിജു എന്നിവര്‍ നേതൃത്വം നല്കി. തങ്കച്ചന് വര്‍ഗീസ്, ബിന്ദു സാബു, ഷൈനി നൗഷാദ്, പാര്‍വതി, ലീയാ ജോസ് എന്നിവര്‍ കലാപരിപാടികള്‍ ഏകോപിപ്പിച്ചു.



