റിയാദ് – റിയാദില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദ് ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു. തകര്‍ത്ത ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കെങ്കിലും പരിക്കുകളോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞുനിര്‍ത്തി നശിപ്പിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ മക്കക്കു സമീപം സബൂഹ ഗ്രാമത്തില്‍ അടക്കം പതിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് നേരത്തെ അറിയിച്ചിരുന്നു. ഹൂത്തി ഭീകരവാദ മിലീഷ്യ മക്ക പ്രവിശ്യയില്‍ ആക്രമണം നടത്താന്‍ തൊടുത്തവിട്ട മിസൈലുകളാണ് തടഞ്ഞ് നശിപ്പിച്ചത്. സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടനടി പ്രതികരിക്കുകയും ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള എല്ലാ അംഗീകൃത നടപടിക്രമങ്ങളും നടപ്പാക്കുകയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ സൗദിയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി നേരത്തെ അറിയിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം ഇന്ന് പുലര്‍ച്ചെ പരാജയപ്പെടുത്തിയതായും സഖ്യസേന അറിയിച്ചു. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ തടഞ്ഞ് നശിപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി തായിഫ്, യാമ്പു, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ അപകട സാധ്യതയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകട സാധ്യത നീങ്ങിയതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു.



