ജഷ്പൂർ- പെട്ടെന്ന് പണക്കാരനാകാൻ വ്യാമോഹിച്ച് ബന്ധുവായ നാല് വയസ്സുകാരനെ കൊന്ന് അവയവങ്ങൾ വിൽക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിലെ സന്ന പോലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരകൃത്യം നടന്നത്. എളുപ്പത്തിൽ പണമുണ്ടാക്കാൻ സോഷ്യൽ മീഡിയയിലെ വ്യാജ വിവരങ്ങൾ കണ്ട് സ്വാധീനിക്കപ്പെട്ടാണ് പ്രതി കുറ്റകൃത്യം ആസൂത്രണം ചെയ്തത്. നാല് വയസ്സുള്ള ജിതേന്ദ്ര റാമിനെയാണ് ബന്ധുവായ വാസുദേവ് എന്ന തങ്നു (27) കൊലപ്പെടുത്തിയത്.
കുട്ടിയുടെ പിതാവ് രാംജീത് റാമിന്റെ അമ്മാവന്റെ മകനാണ് വാസുദേവ്. ചൽനി ഗൊറപഥ് ഗ്രാമത്തിലെ താമസക്കാരനായ ഇയാൾ രാംജീതിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. നവംബർ 5ന് വാസുദേവ് കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടി പല സ്ഥലങ്ങളിൽ കൊണ്ടുപോയി. തുടർന്ന് മദ്യവും കോഴിക്കറിയും വാങ്ങുകയും, കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിക്കുകയും ചെയ്തു. മദ്യ ലഹരിയിൽ കുട്ടി ഉറങ്ങിപ്പോയപ്പോൾ, പ്രതി കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കുട്ടിയുടെ ശരീരം കീറി കിഡ്നികൾ, ശ്വാസകോശം, കണ്ണുകൾ എന്നിവ പുറത്തെടുത്ത് ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ചുവെച്ചു. ഈ അവയവങ്ങൾ ഓൺലൈൻ വഴി വിറ്റ് വലിയ തുക സമ്പാദിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.
അവയവങ്ങൾ മാറ്റിയ ശേഷം കുട്ടിയുടെ മൃതദേഹം പുതപ്പിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒരു ചാക്കിലാക്കി. തുടർന്ന് ഒരു ചോളപ്പാടത്തിന് സമീപത്തെ വെള്ളം നിറഞ്ഞ കുഴിയിൽ ഇട്ട് മുകളിൽ മണ്ണ് മൂടി ഒളിപ്പിക്കുകയും ചെയ്തു.
നവംബർ 5 മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് രാംജീത് റാം നവംബർ 7ന് സന്ന പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നവംബർ 7ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് ചോളപ്പാടത്തിന് സമീപത്തെ കുഴിയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വാസുദേവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. താൻ ചെയ്യുന്ന ദിവസക്കൂലി ജോലിയിലെ വരുമാനത്തിൽ അതൃപ്തനായിരുന്നുവെന്നും എളുപ്പത്തിൽ പണക്കാരാകാൻ സോഷ്യൽ മീഡിയയിൽ തിരഞ്ഞപ്പോഴാണ് കുട്ടികളുടെ അവയവങ്ങൾ വിറ്റാൽ വലിയ തുക കിട്ടുമെന്ന വ്യാജവിവരം കണ്ടതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.



