ദോഹ– ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ ഖത്തര്‍ ഇടപെട്ടെന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണച്ചെന്നും അതേസമയം ഇസ്രായേലിലെ ഇടതുപക്ഷത്തിന് ധനസഹായം നല്കിയെന്നുമുള്ള ആരോപണങ്ങള്‍ പരസ്പരവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചില ഇസ്രായേലി രാഷ്ട്രീയക്കാരുടെ പരാജയങ്ങള്‍ക്ക് ഖത്തറിനെ ബലിയാടാക്കേണ്ടതില്ലെന്നും മേഖലയിലെ സമാധാനശ്രമങ്ങളിലെ മധ്യസ്ഥതയില്‍ നിന്ന് ഇത്തരം പ്രചാരണങ്ങള്‍ക്ക് തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേല്‍ പാര്‍ലമെന്റായ (നെസ്സറ്റ്) തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ അപ്രതീക്ഷിതമായി 19 സീറ്റുകള്‍ നേടിയതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ പ്രതികരണം. അറബ് പാര്‍ട്ടികളുടെ വിജയം ഇസ്രായേലി വലതുപക്ഷ നേതാക്കളില്‍ ശക്തമായ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
അറബ് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇസ്രായേലി മന്ത്രി
അറബ് പാര്‍ട്ടി തലവന്മാരെ അറസ്റ്റ് ചെയ്യാന്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ‘ഷിൻ ബെറ്റി’നോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ദിനത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്, ബെന്‍ഗ്വിര്‍ എന്നിവര്‍ അറബ് വോട്ടര്‍മാര്‍ വന്‍തോതില്‍ വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിദേശ ധനസഹായത്തെക്കുറിച്ച് അന്വേഷണം
തെരഞ്ഞെടുപ്പില്‍ വിദേശ ധനസഹായവും ബാഹ്യ ഇടപെടലുകളും നടന്നെന്ന സംശയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്രായേല്‍ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ചെയര്മാന് ജഡ്ജി നോം സോള്‍ബര്‍ഗ് ഷിൻ ബെറ്റ് തലവന്‍ നിര്‍ദ്ദേശം നല്കി. അന്വേഷണം കൃത്യമായി പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിദേശ ധനസഹായത്തെക്കുറിച്ചുള്ള അന്വേഷണ തീരുമാനത്തെ ഇസ്രായേലിലെ ‘യുണൈറ്റഡ് അറബ് ലിസ്റ്റ്’ സ്വാഗതം ചെയ്തു. ആരോപണങ്ങളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സത്യം പുറത്തുകൊണ്ടുവരാൻ അന്വേഷണ ഏജന്‍സികളുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.



