സൻആ- ഹൂത്തികൾക്ക് ആയുധങ്ങളുമായി പോവുകയായിരുന്ന രണ്ട് ബോട്ടുകൾ വ്യോമാക്രമണത്തിൽ തകർന്നു. യമനിലെ തഇസ് ഗവർണറേറ്റിലെ മോഖ നഗരത്തിൽ നിന്ന് ബാബ് അൽമന്ദബ് മേഖലയിലേക്ക് ആയുധമെത്തിക്കാൻ ശ്രമിക്കവെയാണ് ആക്രമണമുണ്ടായത്. ബോട്ട് യാത്രികർ മുഴുവൻ കൊല്ലപ്പെട്ടതായി യമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോഖയിലെ ഹൂത്തികളുടെ പുതിയ സുരക്ഷാ കെട്ടിടത്തിന് നേരെയും വ്യോമാക്രമണമുണ്ടായി. ഒരു സുരക്ഷാ സൂപ്പർവൈസർ ഉൾപ്പെടെയുള്ളവർ ഇവിടെയും കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്ടോബർ ആദ്യം മുതൽ യമന്റെ പടിഞ്ഞാറൻ തീരത്ത് സഖ്യസേനയുടെ പിന്തുണയോടെ സർക്കാർ സേന സൈനിക നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
നിരോധിത വിഷപദാർത്ഥ പ്രയോഗത്തിൽ ആശങ്ക
പോരാട്ട മുന്നണികളിൽ ഹൂത്തികൾ നിരോധിത വിഷപദാർത്ഥങ്ങൾ അടങ്ങിയ ഷെല്ലുകൾ പ്രയോഗിച്ചതായി സംശയമുയർന്നിട്ടുണ്ട്. തഇസ് ഗവർണറേറ്റിൽ സാധാരണക്കാർക്കും പോപ്പുലർ റെസിസ്റ്റൻസ് അംഗങ്ങൾക്കും ശ്വാസംമുട്ടലും ബോധക്ഷയവും അനുഭവപ്പെട്ടതിനെത്തുടർന്ന് അടിയന്തര സാങ്കേതിക അന്വേഷണത്തിന് പ്രാദേശിക അധികൃതർ ഉത്തരവിട്ടു.
മെഡിക്കൽ റിപ്പോർട്ടുകളും വസ്തുതകളും പരിശോധിച്ച് ആക്രമണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ സ്വഭാവം കണ്ടെത്താൻ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ യു.എന്നിന്റെയും അന്താരാഷ്ട്ര ഏജൻസികളുടെയും സഹായവും തേടിയിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്നതിലൂടെ യാഥാർത്ഥ്യം മാറ്റാനാവില്ലെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രാദേശിക അതോറിറ്റി വ്യക്തമാക്കി.



