റിയാദ്- കേരള സർക്കാരിന്റെ നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കിയ രൂപത്തിൽ പ്രീമിയം കുത്തനെ വർധിപ്പിച്ചതിൽ സൗദി ഐ എം സി സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികൾക്ക് ആശ്വാസവും ആരോഗ്യസുരക്ഷയും നൽകേണ്ട പദ്ധതി, അവർക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയായി മാറുന്നത് അംഗീകരിക്കാനാവില്ല. ജീവിതച്ചെലവുകളും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ പ്രയാസപ്പെടുന്ന സാധാരണ പ്രവാസികൾക്ക് ഈ വർധന ഇരുട്ടടിയാണെന്ന് ഐ എം സി സി ചൂണ്ടിക്കാട്ടി.
നേരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ പ്രവാസി പെൻഷൻ പദ്ധതി പ്രവാസികളുടെ ക്ഷേമവും ഭാവിസുരക്ഷയും മുൻനിർത്തിയുള്ള നടപടിയായിരുന്നു. ആ ക്ഷേമസമീപനത്തിൽനിന്ന് വ്യത്യസ്തമായി, നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രീമിയമായി വൻതുക ഈടാക്കുന്നത് പ്രവാസികളുടെ താത്പര്യങ്ങളെക്കാൾ ഇൻഷുറൻസ് കമ്പനികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സഹായകമാകുന്നത്. സർക്കാർ മുൻഗണന നൽകേണ്ടത് പ്രവാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്. കേരള സർക്കാരും നോർക്കയും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. പ്രവാസികളുടെ ആശങ്കകൾ ഗൗരവത്തോടെ പരിഗണിച്ച് പ്രീമിയം വർധന പുനഃപരിശോധിക്കണമെന്ന് സൗദി ഐ എം സി സി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.



