ഗാസ സിറ്റി– ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസിയും പ്രാദേശിക ആശുപത്രി അധികൃതരുമാണ് വിവരം പുറത്തുവിട്ടത്.
തെക്കൻ നഗരമായ റഫയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 15-ഓളം പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങി. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ നടന്ന മറ്റൊരു ആക്രമണത്തിലാണ് അഞ്ചാമത്തെയാൾ കൊല്ലപ്പെട്ടത്. ഭീകരരെ ലക്ഷ്യമിട്ടാണ് സൈനിക നടപടി നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
കഴിഞ്ഞ വർഷം വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ഗാസയിൽ 1,500-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേലിന്റെ വൻ സൈനിക ആക്രമണങ്ങളിൽ ഇതുവരെ 74,500-ലധികം ആളുകൾ കൊല്ലപ്പെടുകയും ഗാസയുടെ വലിയൊരു ഭാഗം പൂർണ്ണമായി തകരുകയും ചെയ്തിട്ടുണ്ട്.



