ജിദ്ദ– ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഫീസ് എത്യോപ്യ കുത്തനെ ഉയർത്തിയതിനെത്തുടർന്ന്, രാജ്യത്തുനിന്നുള്ള റിക്രൂട്ട്മെന്റ് നടപടികൾ നിർത്തിവെക്കാൻ സൗദി അറേബ്യ നിർദ്ദേശം നൽകി. ഈ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 20 വരെ ഒപ്പുവെച്ച കരാറുകൾ റദ്ദാക്കാനും ഉപയോക്താക്കളുടെ പണം തിരികെ നൽകാനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം റിക്രൂട്ട്മെന്റ് ഏജൻസികൾക്കും ഓഫീസുകൾക്കും അയച്ച സർക്കുലറിൽ വ്യക്തമാക്കി.
ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യാനുള്ള ഫീസ് 700 ഡോളറിൽ നിന്ന് 900 ഡോളറായി (30 ശതമാനം) ഉയർത്തണമെന്നാണ് എത്യോപ്യൻ അധികൃതർ സൗദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിക്രമങ്ങളിൽ എത്യോപ്യ വരുത്തിയ മാറ്റങ്ങളും തീരുമാനത്തിന് കാരണമായി.
കരാറുകൾ റദ്ദാക്കി പണം നൽകുന്നതിന് മുൻപ് ഉപയോക്താക്കളെ വിവരമറിയിക്കണമെന്ന് മന്ത്രാലയം എജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ തടസ്സങ്ങൾ ഇരുവിഭാഗത്തിന്റെയും നിയന്ത്രണത്തിന് അപ്പുറത്തുള്ള സാഹചര്യമായതിനാൽ, കരാർ റദ്ദാക്കുന്നതിനോ കാലതാമസത്തിനോ ഉള്ള പിഴകളിൽ നിന്ന് റിക്രൂട്ട്മെന്റ് ഏജൻസികളെ സൗദി മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.
2023-ലാണ് എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സൗദി അറേബ്യ വീണ്ടും പുനരാരംഭിച്ചത്. അന്ന് എത്യോപ്യയിൽ നിന്ന് ഒരു തൊഴിലാളിയെ എത്തിക്കാനുള്ള പരമാവധി ചെലവ് പരിധി 6,900 റിയാലായി മന്ത്രാലയം നിശ്ചയിച്ചിരുന്നു.



