റിയാദ്: ദക്ഷിണ സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ അറബ് സഖ്യസേന തകർത്തു. ദക്ഷിണ മേഖലയിലേക്ക് തൊടുത്തുവിട്ട രണ്ട് ഡ്രോണുകൾ ഇന്ന് പുലർച്ചെയും, നജ്റാൻ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈൽ ഇന്നലെ രാത്രിയുമാണ് വ്യോമപ്രതിരോധ സേന തടഞ്ഞുനിർത്തി നശിപ്പിച്ചത്. സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, യെമനിലെ ഗോത്ര-സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് സൗദി അറേബ്യ ഭീഷണിപ്പെടുത്തിയെന്ന ഹൂത്തികളുടെ വാദം സഖ്യസേന പൂർണ്ണമായും തള്ളി. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. സ്വന്തം പ്രതിസന്ധികളിൽ നിന്നും തെറ്റായ പ്രവൃത്തികളിൽ നിന്നും പൊതുജന ശ്രദ്ധ തിരിക്കാനും, യെമനിലെ ഗോത്രവർഗ്ഗക്കാരെ സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കാനുമുള്ള ഹൂത്തികളുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയും യെമനും തമ്മിലുള്ള ബന്ധം ചരിത്രപരവും സാഹോദര്യത്തിലധിഷ്ഠിതവുമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയാത്തത്ര ശക്തമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധം. യെമന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിലും, ഗോത്രവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് തടയുന്നതിലും സൗദി അറേബ്യയുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും സഖ്യസേനാ വക്താവ് വ്യക്തമാക്കി.



