തെഹ്റാൻ– ഇറാനിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ സുരക്ഷാ മേധാവി മുഹ്സിൻ റെസായി. തെഹ്റാൻ സന്ദർശിച്ച പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. അവ രാജ്യത്തിനകത്ത് ഉപയോഗിക്കാനുള്ള ദേശീയ സമ്പത്താണെന്നും, അമേരിക്ക പരസ്പര വിശ്വാസം വളർത്താനുള്ള നടപടികൾ സ്വീകരിക്കുന്നതുവരെ ചർച്ചകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് നിബന്ധനകൾ പാലിക്കാതെ അമേരിക്കയ്ക്ക് ഇറാന്റെ വിശ്വാസം നേടിയെടുക്കാനാകില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും വ്യക്തമാക്കി. മധ്യപൂർവേഷ്യയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുക, ഇറാൻ ആസ്തികളുടെ മരവിപ്പ് നീക്കുക, എണ്ണ ഉപരോധം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.
മേഖലയിലേക്ക് കൂടുതൽ യു.എസ് സൈനികർ
ഇറാനെതിരെ ആക്രമണങ്ങൾ നടത്തുന്നതിനെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി അമേരിക്ക മൂന്നാമതൊരു വിമാനവാഹിനി കപ്പലും ഏകദേശം 10,000 സൈനികരെയും കൂടി മധ്യപൂർവേഷ്യയിലേക്ക് അയക്കുന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യു.എസ്.എസ് തിയോഡോർ റൂസ് വെൽറ്റ് വിമാനവാഹിനി കപ്പൽ സംഘവും 13-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റും നവംബർ അവസാനത്തോടെ മേഖലയിൽ എത്തിച്ചേരുമെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു







