റിയാദ്: ഹൂത്തി ആക്രമണങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം (Work from Home) സൗകര്യം നൽകി പ്രമുഖ ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ. ജെ.പി മോർഗൻ (JPMorgan), ഡോയ്ച ബാങ്ക് (Deutsche Bank), സിറ്റി ഗ്രൂപ്പ് (Citi) തുടങ്ങിയ പ്രമുഖ ബാങ്കുകളാണ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നൽകിയിരിക്കുന്നത്.
അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ഫ്രാങ്ക്ളിൻ ടെമ്പിൾട്ടൺ (Franklin Templeton) റിയാദിലെ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടുകയും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തതായി ചില കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ക്രമീകരണം തുടരുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യക്ക് നേരെ നടന്ന ഹൂത്തി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. സൗദി അരാംകോയുടെ ആസ്ഥാനത്തിന് നേരെ ചൊവ്വാഴ്ച നടന്ന ആക്രമണവും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച നടന്ന ആക്രമണവും സുരക്ഷാ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച മുതൽ തന്നെ ജെ.പി മോർഗനും ഡോയ്ച ബാങ്കും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുമതി നൽകിയിരുന്നു. എന്നാൽ നേരിട്ടെത്തി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ ആഴ്ച മുതൽ സൗദിയിൽ സ്കൂളുകൾ ഓൺലൈൻ രീതിയിലേക്ക് മാറിയതിനാൽ, രക്ഷിതാക്കളായ ജീവനക്കാരെ സഹായിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ തീരുമാനത്തിന്.
ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് സിറ്റി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഗോൺസാലോ ലുചെറ്റി വ്യക്തമാക്കി.
സുരക്ഷാ ഭീഷണിയെ തുടർന്ന് റിയാദിൽ നടക്കാനിരിക്കുന്ന പ്രമുഖ ആഗോള സാമ്പത്തിക ഉച്ചകോടിയായ ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്’ ഹൈബ്രിഡ് (ഓൺലൈൻ) രീതിയിലേക്ക് മാറ്റാൻ സൗദി ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.







