ന്യൂഡല്‍ഹി – ഒമാന്‍ തീരത്ത് ഞായറാഴ്ച വാണിജ്യ കപ്പലിനുനേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി അറിയിച്ചു. വടക്കന്‍ ഒമാനിലെ സോഹാര്‍ തുറമുഖത്തിന് സമീപം നങ്കൂരമിടുന്ന സ്ഥലത്തുവെച്ച്, 11 ഇന്ത്യന്‍ നാവികരുണ്ടായിരുന്ന എം.ടി പെട്രോ ഡോള്‍ഫിന്‍ എന്ന ടാങ്കര്‍ കപ്പലിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. നമ്മുടെ ഒമ്പത് ഇന്ത്യന്‍ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തുകയും അവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യുമ്പോള്‍, രണ്ട് ഇന്ത്യന്‍ പൗരന്മാരെ നിലവില്‍ കാണാതായിട്ടുണ്ട് – അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
പ്രാദേശിക അധികൃതരുടെ നേതൃത്വത്തില്‍ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് സോനോവാള്‍ അറിയിച്ചു. തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനും കാണാതായ നമ്മുടെ ജീവനക്കാരെ സുരക്ഷിതമായി കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാ അധികൃതരുമായും ഞങ്ങള്‍ നിരന്തരം ഏകോപനം നടത്തുന്നുണ്ട് – അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഞായറാഴ്ച പ്രൊജക്‌റ്റൈല്‍ ഇടിച്ച് എം.ടി വാല്‍തെര എന്ന ടാങ്കര്‍ കപ്പലിനും കേടുപാടുകള്‍ സംഭവിച്ചതായി സോനോവാള്‍ അറിയിച്ചു.
മാര്‍ഷല്‍ ഐലന്‍ഡ്‌സ് പതാക വഹിച്ച ഈ കപ്പലിലും 11 ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ടാങ്കറില്‍ തീപിടുത്തമുണ്ടായെങ്കിലും എല്ലാ ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുണ്ട്.
ഒമാനിലെ സോഹാര്‍ തുറമുഖത്തിനടുത്തുള്ള പാതയിലൂടെ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ എണ്ണ ടാങ്കറില്‍ വലിയ സ്ഫോടനവും തീപിടുത്തവും ഉണ്ടാകുന്നത് കാണിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഫലമായുണ്ടായ അഗ്നിബാധ എന്‍.ഒ.എ.എ-20 ഉപഗ്രഹം നേരത്തെ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സമീപ ദിവസങ്ങളില്‍ ഹോര്‍മുസില്‍ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ടാങ്കറാണിത്.
ഒമാനിലെ സോഹാര്‍ ആങ്കറേജിന് സമീപം ടാങ്കറിനു നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, അവിടെയുണ്ടായ സംഭവത്തെ ആക്രമണമായി പുനര്‍നിര്‍വചിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ തിങ്കളാഴ്ച അറിയിച്ചു. ജീവനക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളില്‍ പ്രാദേശിക അധികൃതര്‍ സഹകരിക്കുന്നുണ്ട്. അതേസമയം, നാശനഷ്ടങ്ങളുടെ വ്യാപ്തിയും പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതവും സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തില്‍ എണ്ണ ടാങ്കര്‍ സമുദ്ര മൈനില്‍ ഇടിച്ചുവെന്നും ഇതേ തുടര്‍ന്ന് സ്‌ഫോടനവും ടാങ്കറിന്റെ എന്‍ജിന്‍ മുറിയില്‍ തീപിടുത്തവും ഉുണ്ടായെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാനുള്ള നിയമങ്ങള്‍ ലംഘിച്ച മറ്റൊരു ടാങ്കര്‍ ഇന്ന് ഉച്ചതിരിഞ്ഞ് സമുദ്ര മൈനില്‍ ഇടിച്ചു. അതിന്റെ ഫലമായി കപ്പലിന്റെ എന്‍ജിന്‍ മുറിയില്‍ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായി – റെവല്യൂഷണറി ഗാര്‍ഡ് ടെലിഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. ടാങ്കര്‍ അതിന്റെ നാവിഗേഷന്‍ സംവിധാനങ്ങള്‍ ഓഫാക്കി ഇറാനുമായി ഏകോപനം നടത്താത്ത പാതയിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നും ഇത് ഇറാന്‍ പ്രഖ്യാപിച്ച നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു.
രണ്ട് എണ്ണ ടാങ്കറുകള്‍ ഇതേ കടലിടുക്കില്‍ മൈനുകളില്‍ ഇടിച്ചതായി ഒക്ടോബര്‍ 10 ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. ഇതോടെ ഒരു ചെറിയ കാലയളവിനുള്ളില്‍ ഹോര്‍മുസില്‍ മൈനുകളില്‍ ഇടിച്ച ടാങ്കറുകളുടെ എണ്ണം മൂന്നായി. ഹോര്‍മുസ് കടലിടുക്കിന് കിഴക്ക് ഇറാന്‍ നിരോധിത മേഖല ഏര്‍പ്പെടുത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് വക്താവ് ഹുസൈന്‍ മൊഹെബി സെപ്റ്റംബര്‍ 9 ന് അറിയിച്ചിരുന്നു.
ആഗോളതലത്തില്‍ വാണിജ്യ കപ്പല്‍ ഗതാഗത മേഖലയിലേക്ക് ഏറ്റവും കൂടുതല്‍ നാവികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2025 ല്‍ 3,20,000 ത്തിലധികം സജീവ നാവികരാണ് ഇന്ത്യയിലുള്ളത്. ഫെബ്രുവരി 28 ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതു മുതല്‍ ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണങ്ങളില്‍ ഏതാനും ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്നതിനിടെ ഒമാന്‍ തീരത്തുവെച്ച് പ്രൊജക്‌റ്റൈല്‍ ഇടിച്ച, പനാമ പതാക വഹിച്ച കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ചൊവ്വാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ഈ മേഖലയില്‍ കപ്പലുകള്‍ക്കുനേരെയുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ അതീവ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. മേഖലയിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും താല്‍പ്പര്യാര്‍ഥം ഇത്തരം ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ഞങ്ങള്‍ ആവര്‍ത്തിക്കുന്നു – മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.







