തെഹ്റാൻ- യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായി നിർത്തിവെക്കുകയോ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം വിദേശത്തേക്ക് മാറ്റുകയോ ചെയ്യില്ലെന്ന് ഇറാൻ ആണവോർജ സംഘടനാ തലവൻ മുഹമ്മദ് ഇസ്ലാമി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണ ശേഷി ഇറാൻ വെട്ടിക്കുറയ്ക്കണമെന്ന് അമേരിക്ക സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ഇറാന്റെ കർശന നിലപാട്.
ആണവ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് സമ്പുഷ്ടീകരണമെന്നും ശാസ്ത്ര- സാങ്കേതിക പുരോഗതിയുടെ ചാലകശക്തിയായ ഈ പ്രക്രിയ ഏതെങ്കിലും സാഹചര്യത്തിൽ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും ഇസ്ലാമി പറഞ്ഞു. ഇറാനിയൻ ആണവനിലയങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണ ഭീഷണികൾ പുതിയതല്ലെന്ന് പറഞ്ഞ അദ്ദേഹം, അത്തരം ഭീഷണികളെ തള്ളിക്കളയുകയും ചെയ്തു.
ആഗോള ഊർജ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ നിർദ്ദേശങ്ങൾ കൈമാറുന്നതിനിടെയാണ് ഇസ്ലാമിയുടെ പ്രതികരണം. ആവശ്യമായ വ്യവസ്ഥകൾ അംഗീകരിക്കുകയാണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന് അമേരിക്ക നൽകിയ മറുപടിക്ക് ഉടൻ തിരിച്ചും മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി അറിയിച്ചു.
അതേസമയം, ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും നവംബറിൽ നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ ആക്രമണം നടത്തില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
നിലവിൽ 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ നീക്കങ്ങൾ ആണവായുധ നിർമ്മാണത്തിനാണെന്ന് ഇസ്രായേലും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നുണ്ടെങ്കിലും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് ആണവോർജം ഉപയോഗിക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. എങ്കിലും, തങ്ങളുടെ കൈവശമുള്ള ഉയർന്ന വീര്യമുള്ള യുറേനിയത്തിന്റെ അളവ് കുറയ്ക്കാൻ തയ്യാറാണെന്ന സൂചന ഇറാനിയൻ അധികൃതർ നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







