ജിദ്ദ: കോ-പൈലറ്റിന്റെ ആക്രമണത്തെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്ത ഫ്‌ളൈ ദുബായ് വിമാനത്തിന്റെ വാലറ്റത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ കോക്ക്പിറ്റിലാണ് അക്രമം നടന്നതെങ്കിലും, വിമാനത്തിന്റെ വാലിന് കേടുപാടുകൾ സംഭവിച്ചത് എങ്ങനെയെന്ന കാര്യത്തിൽ വ്യോമയാന വിദഗ്ധർ വ്യക്തത വരുത്തി.
അതിവേഗത്തിലുള്ള പതനവും എമർജൻസി ലാൻഡിംഗിനിടെ വിമാനത്തിന്റെ വേഗതയിലുണ്ടായ ഗണ്യമായ വർദ്ധനവുമാണ് ഇതിന് കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2 മിനിറ്റിൽ 17,000 അടിയോളം താഴേക്ക്
ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ളൈറ്റ് റഡാർ 24 (Flightradar24)-ൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, വിമാനത്തിന് പെട്ടെന്ന് വലിയ രീതിയിൽ ഉയരം നഷ്ടപ്പെടുകയായിരുന്നു. വൈകുന്നേരം 5:21-ന് 34,000 അടി ഉയരത്തിലായിരുന്ന വിമാനം തൊട്ടടുത്ത മിനിറ്റിൽ (5:22) 17,000 അടിക്ക് താഴേക്ക് പതിച്ചു.
വിമാനങ്ങൾക്ക് പരമാവധി സഞ്ചരിക്കാവുന്ന വേഗതയ്ക്ക് കൃത്യമായ പരിധിയുണ്ടെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധൻ ക്യാപ്റ്റൻ യൂസഫ് അൽഹംലാൻ അൽദഅ്ജ വ്യക്തമാക്കി. ഈ പരിധി ലംഘിക്കപ്പെടുമ്പോൾ ചിറകുകളിലും ഫ്യൂസ്‌ലേജിലും (Fuselage) കടുത്ത സമ്മർദ്ദമുണ്ടാകും. ഫ്‌ളൈ ദുബായ് വിമാനം ഈ വേഗപരിധി മറികടന്നതാണ് വാലിലെ ‘റഡ്ഡർ’ (Rudder) എന്ന ഭാഗത്തിന് കേടുപാട് സംഭവിക്കാൻ കാരണം.
വിമാനത്തിന്റെ വാൽ ഭാഗത്ത് ലംബമായി നിൽക്കുന്ന സ്റ്റെബിലൈസറിന് (Vertical Stabilizer) പുറകിൽ ഘടിപ്പിച്ചിരിക്കുന്ന ചലിക്കുന്ന ഭാഗമാണ് റഡ്ഡർ. വിമാനത്തിന്റെ മുൻവശം ഇടത്തോട്ടും വലത്തോട്ടും തിരിക്കുന്നതിനെ (Yaw movement) നിയന്ത്രിക്കുന്നത് റഡ്ഡറാണ്. നിർദ്ദിഷ്ട വേഗതയേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിച്ചതാണ് റഡ്ഡർ തകരാറിലാകാൻ കാരണം. എന്നാൽ വാൽ ഭാഗം പൂർണ്ണമായി തകർന്നിരുന്നെങ്കിൽ വിമാനം വൻ ദുരന്തത്തിൽ കലാപിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീതിയുടെ നിമിഷങ്ങൾ പങ്കുവെച്ച് യാത്രക്കാർ
പെട്ടെന്നുണ്ടായ താഴ്ചയും ഭയപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ വെളിപ്പെടുത്തി. പൈലറ്റിന് കുത്തേറ്റതോടെ വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് മിറിയം ഷിറ ഒഹായോൺ എന്ന യാത്രക്കാരി എ.എഫ്.പിയോട് (AFP) പറഞ്ഞു. പ്രതികൂല കാലാവസ്ഥയോ വായുപ്രക്ഷുബ്ധതയോ ഇല്ലാതിരുന്നിട്ടും വലിയ രീതിയിലുള്ള കുലുക്കമാണ് അനുഭവപ്പെട്ടതെന്നും, റോളർ കോസ്റ്ററിൽ സഞ്ചരിക്കുന്നത് പോലുള്ള അനുഭവമായിരുന്നുവെന്നും മറ്റൊരു യാത്രക്കാരനായ അൽമോഗ് ഇറ്റാലി ഓർത്തെടുത്തു.
‘തടഞ്ഞത് മറ്റൊരു സെപ്റ്റംബർ 11’
കോക്ക്പിറ്റിലുണ്ടായിരുന്ന എമർജൻസി കോടാലി ഉപയോഗിച്ചാണ് കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെയാണ് മറ്റുള്ളവർക്ക് അകത്തുകടന്ന് ആക്രമണകാരിയെ കീഴടക്കാനും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനും സാധിച്ചത്. പൈലറ്റിന്റെയും യാത്രക്കാരുടെയും ധീരമായ ഇടപെടൽ 2001 സെപ്റ്റംബർ 11-ന് സമാനമായ വലിയൊരു ഭീകരാക്രമണ ദുരന്തമാണ് ഒഴിവാക്കിയതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.







