കാസബ്ലാങ്ക – നഗരാസൂത്രണ മന്ത്രി ഫാത്തിമ സഹ്റ മന്‍സൂരിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൊറോക്കോയിലെ മുഹമ്മദ് ആറാമന്‍ രാജാവ് നിയമിച്ചു. ഇതോടെ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ യൂറോപ്പിനോട് ഏറ്റവും അടുത്തുള്ള ഈ മുസ്ലിം രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി 50 കാരിയായ അഭിഭാഷകയായ ഫാത്തിമ മന്‍സൂരി മാറി. പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന് മുമ്പ് മരാക്കെഷ് മേയര്‍ കൂടിയായിരുന്ന ഫാത്തിമ മന്‍സൂരിയെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയതായി രാജകൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് നാല് ദിവസത്തിന് ശേഷമാണ് ഫാത്തിമ മന്‍സൂരിയെ പ്രധാനമന്ത്രിയായി നിയമിച്ച് രാജകീയ പ്രഖ്യാപനം വന്നത്. ഫാത്തിമ മന്‍സൂരിയുടെ പാര്‍ട്ടിയായ ഓതന്റിസിറ്റി ആന്റ് മോഡേണിറ്റി പാര്‍ട്ടി ആണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്.
തുനീഷ്യയിലെ നജ്ല ബൗദന് ശേഷം അറബ് ലോകത്ത് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ഫാത്തിമ മന്‍സൂരി. സര്‍ക്കാര്‍ രൂപീകരണത്തിനായി വരും ദിവസങ്ങളില്‍ അവര്‍ പുതിയ സഖ്യം കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊറോക്കോയിലെ തെരഞ്ഞെടുപ്പ് രീതി അനുസരിച്ച്, ഒരു പാര്‍ട്ടിക്ക് മാത്രം കേവല ഭൂരിപക്ഷം നേടുക എന്നത് പ്രയാസകരമാണ്.
പണപ്പെരുപ്പം തടയുക, വേതനം വര്‍ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതിനൊപ്പം, 2030 ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ബില്യണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാനും അവരുടെ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് കരുതപ്പെടുന്നു.
രാജ്യത്തെ പരമോന്നത അധികാരിയായ രാജാവിന് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം മൊറോക്കോയുടെ ഭരണഘടന നല്‍കുന്നുണ്ടെങ്കിലും, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയില്‍ നിന്നാണ് അദ്ദേഹം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്. 2011 ലെ അറബ് വസന്തം പ്രക്ഷോഭകരുടെ സമ്മര്‍ദ്ദത്താല്‍ വിജയകരമായി നടപ്പാക്കിയ മാറ്റമായിരുന്നു ഇത്. അതിനുമുമ്പ്, ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ രാജാവിന് പ്രധാനമന്ത്രിയെ നിയമിക്കാമായിരുന്നു.
രാജാവിന്റെ ബാല്യകാല സുഹൃത്തും അടുത്ത ഉപദേഷ്ടാവുമായ ഫുവാദ് അലി അല്‍ഹിമ്മ 2008 ല്‍ രൂപീകരിച്ച ഓതന്റിസിറ്റി ആന്റ് മോഡേണിറ്റി പാര്‍ട്ടിയില്‍ ഫാത്തിമ മന്‍സൂരി ചേരുകയായിരുന്നു. ഫ്രാന്‍സിലെ മോണ്ട്‌പെല്ലിയര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ മന്‍സൂരി, 2024 ല്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കളിലൊരാളായി മാറി. ഇവര്‍ രണ്ടുതവണ മരാക്കെഷ് മേയറായും പാര്‍ലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൊറോക്കോയുടെ യു.എ.ഇ അംബാസഡറും മുതിര്‍ന്ന പ്രാദേശിക ഉദ്യോഗസ്ഥനുമായിരുന്ന മരാക്കെഷ് പാഷ അബ്ദറഹ്‌മാന്‍ അല്‍മന്‍സൂരിയുടെ മകളാണ് ഫാത്തിമ മന്‍സൂരി. അദ്ദേഹം മരാക്കെഷ് ബാര്‍ അസോസിയേഷന്‍ തലവനും ഭൂവുടമയുമായിരുന്നു. മറാക്കെഷിലെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് തന്റെ പദവി വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിച്ചെന്നാരോപിച്ച് അജ്ഞാതരായ ഹാക്കര്‍മാരുടെ ഒരു സംഘം രംഗത്തെത്തിയതോടെ ഫാത്തിമ മന്‍സൂരിക്ക് നേരെ താല്‍പ്പര്യങ്ങളുടെ സംഘര്‍ഷം സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഫാത്തിമ മന്‍സൂരി നിഷേധിക്കുകയും, അവ അപകീര്‍ത്തികരമാണെന്ന് വിശേഷിപ്പിച്ച് നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ 1.58 കോടി വോട്ടര്‍മാരില്‍ പത്തു ലക്ഷം പേര്‍ ഓതന്റിസിറ്റി ആന്റ് മോഡേണിറ്റി പാര്‍ട്ടിക്ക് വോട്ട് ചെയ്തു. രൂപീകൃതമായതിനു ശേഷമുള്ള പാര്‍ട്ടിയുടെ ആദ്യ വിജയമാണിത്. കഴിഞ്ഞ ജൂലൈയിലുണ്ടായ സ്യൂട്ട കുടിയേറ്റ പ്രതിസന്ധിക്കും, കഴിഞ്ഞ വര്‍ഷം യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന മാരകമായ പ്രക്ഷോഭങ്ങള്‍ക്കും ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്.
രാജകീയ നാമനിര്‍ദ്ദേശത്തിന് ശേഷം, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സഖ്യരൂപീകരണത്തിലേക്കാണ് ശ്രദ്ധ തിരിയുന്നത്. എല്ലാ പാര്‍ട്ടികളുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ഓതന്റിസിറ്റി ആന്റ് മോഡേണിറ്റി പാര്‍ട്ടി അറിയിച്ചിട്ടുണ്ടെങ്കിലും, മിതവാദ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി, ഇടതുപക്ഷ പാര്‍ട്ടിയായ ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് ലെഫ്റ്റ് എന്നിവയുള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ പ്രതിപക്ഷത്ത് തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.







