കയ്റോ – സാമൂഹികമാധ്യമങ്ങളിലൂടെ ബഹുഭര്‍തൃത്വവും ബഹുഭാര്യാത്വവും അംഗീകൃത മാതാപിതാക്കളില്ലാതെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചതിന് വനിതാ കോണ്ടന്റ് ക്രിയേറ്റര്‍ക്ക് കയ്റോ കോടതി ഒരു വര്‍ഷത്തെ കഠിനതടവ് വിധിച്ചു.
ഒന്നിലധികം ഭര്‍ത്താക്കന്മാരോ ഭാര്യമാരോ ഉണ്ടാകുന്നതിനെയും, ഒന്നിലധികം പങ്കാളികളെ സ്വീകരിക്കുന്നതിലെ നേട്ടങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാനും പ്രേക്ഷകരെ അത്തരം ആശയങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിച്ചു എന്നാരോപിച്ച് പ്രോസിക്യൂട്ടര്‍മാര്‍ നല്‍കിയ പരാതിയിലാണ് കയ്റോ ഇക്കണോമിക് കോടതി ശിക്ഷ വിധിച്ചത്. ഈ ഉള്ളടക്കം പൊതുധാര്‍മ്മികതക്കും നിലവിലുള്ള സാമൂഹിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
ഈജിപ്തിലെ പ്രത്യേക പോലീസ് വിഭാഗമായ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് മോറല്‍സ് (പൊതുധാര്‍മ്മികത സംരക്ഷിക്കാനുള്ള വിഭാഗം) യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പോസ്റ്റ് ചെയ്ത വീഡിയോകള്‍ കണ്ടെത്തിയതോടെയാണ് കേസിന് തുടക്കമായത്. ബഹുഭര്‍തൃത്വം, ബഹുഭാര്യത്വം എന്നിവയെ കുറിച്ചും, മാതാപിതാക്കള്‍ ആരാണ് എന്നറിയാത്ത നിലക്ക് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ചും ഈ വീഡിയോകള്‍ ചര്‍ച്ച ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ ഉള്ളടക്കം പൊതുധാര്‍മ്മികതക്കും സാമൂഹിക മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് അധികൃതര്‍ വിലയിരുത്തി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കയ്റോയിലെ മതാരിയ ജില്ല നിവാസിയാണ് ഇവര്‍. അറസ്റ്റ് വേളയില്‍ യുവതിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും, പരിശോധനയില്‍ അന്വേഷണവിധേയമായ ഉള്ളടക്കവുമായി ബന്ധപ്പെട്ട വീഡിയോകളും മറ്റ് ഡിജിറ്റല്‍ വിവരങ്ങളും കണ്ടെത്തുകയും ചെയ്തു.
വീഡിയോകള്‍ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച കാര്യം യുവതി സമ്മതിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വ്യൂസും പ്രതികരണങ്ങളും വര്‍ധിപ്പിക്കാനും അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കാനുമാണ് ഇത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്തതെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് നിയമനടപടികള്‍ ആരംഭിക്കുകയും യുവതിയെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആദ്യം നാല് ദിവസത്തേക്ക് ഇവരെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് കേസ് ഇക്കണോമിക് കോടതിയിലേക്ക് മാറ്റി. വിവാഹം, ബന്ധങ്ങള്‍, മാതൃ-പിതൃത്വം എന്നിവയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാരണം ഈ വീഡിയോകള്‍ ഈജിപ്ഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍, ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കവുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ കോണ്ടന്റ് ക്രിയേറ്റര്‍ക്ക് കോടതി ഒരു വര്‍ഷത്തെ കഠിനതടവ് വിധിക്കുകയായിരുന്നു.







