ജിദ്ദ: ലോക ഫാർമസിസ്റ്റ് ദിനത്തോടനുബന്ധിച്ച് സൗദി കേരള ഫാർമസിസ്റ്റ് ഫോറം (SKPF) വാർഷികാഘോഷവും ദിനാചരണവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ‘വസൽ-26’ എന്ന് പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികൾ സെപ്റ്റംബർ 25 വെള്ളിയാഴ്ച ജിദ്ദ ബാഗ്ദാദിയയിലെ ‘കറം അൽ ബലദ്’ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
വൈകീട്ട് 4 മണിക്ക് സൗദിയുടെ വിവിധ റീജിയനുകളിൽ നിന്നുള്ള എസ്.കെ.പി.എഫ്. പ്രതിനിധികളുടെ സംഗമത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. നിസ് അറേബ്യ ഇവന്റ് മാനേജ്മെന്റ്, സഹാർ ഫാർമസി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകീട്ട് 7 മണിക്ക് പൊതുജനങ്ങൾക്കായി പ്രത്യേക ആരോഗ്യ ബോധവൽക്കരണവും സംവാദ സദസ്സും നടക്കും. സദസ്യരെക്കൂടി പങ്കാളികളാക്കിക്കൊണ്ട് നടക്കുന്ന സംവാദത്തിൽ പ്രമുഖ ഡോക്ടർമാർ സംസാരിക്കും. മരുന്നിനപ്പുറം ഒരു ആരോഗ്യജീവിതം: ഡോ. ഇന്ദു ചന്ദ്രശേഖർ (ഇന്റേണിസ്റ്റ്, JNH ഹോസ്പിറ്റൽ)
Listen to Your Mind (മനസ്സ് പറയുന്നതും കേൾക്കണം): ഡോ. ദാനിഷ് സലീം (‘Dr. D Better Life’ ഡിജിറ്റൽ പ്ലാറ്റ്ഫോം ഫൗണ്ടർ), ഡോ. റൈസാ ശുകൂറും സംവാദത്തിൽ പങ്കാളികളാകും.
‘വസൽ-26’ പ്രധാന പദ്ധതികൾ:
ക്വിസ് ബ്ലിറ്റ്സ് 26: കേരളത്തിലെ ഫാർമസി വിദ്യാർത്ഥികൾക്കായി 1 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഓൺലൈൻ ക്വിസ് മത്സരം. 500-ഓളം വിദ്യാർത്ഥികളാണ് ഇതിൽ മാറ്റുരയ്ക്കുന്നത്.
ഫാർമ എക്സലൻസ് അവാർഡ് 26: സാമൂഹിക-സേവന രംഗത്ത് മികച്ച സംഭാവനകൾ നൽകിയ മലയാളി ഫാർമസിസ്റ്റുകൾക്കുള്ള പുരസ്കാരം.
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങും തുടർന്ന് കലാവിരുന്നും ഉണ്ടായിരിക്കും.
ആരോഗ്യ സംരക്ഷണ രംഗത്ത് ഫാർമസിസ്റ്റുകളുടെ പങ്ക് ഉയർത്തിക്കാട്ടാനും സുരക്ഷിതമായ മരുന്നുപയോഗത്തെക്കുറിച്ച് അവബോധം വളർത്താനുമാണ് എസ്.കെ.പി.എഫ്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്കായി സൗജന്യ പ്രവേശന പാസ്സുകൾ ലഭ്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 0535674363 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
വാർത്താസമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ നസീഫ് ഉമർ, കൺവീനർ നുഫൈൽ, കോർഡിനേറ്റർമാരായ അതീഖ്, റിയാസ്, ഹസീബ്, യാസിർ, സീനിയർ അംഗം സൈഫുദ്ധീൻ വാഴയിൽ എന്നിവർ പങ്കെടുത്തു.







