കാഠ്മണ്ഡു: നേപ്പാൾ തൃശൂലി 3എ തുരങ്കത്തിൽ നിന്ന് രണ്ട് പവർ പ്ലാന്റ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത് അദ്ഭുതകരമായ സംഭവമാണെന്ന് പ്രമുഖ തുരങ്ക രക്ഷാപ്രവർത്തന വിദഗ്ധൻ ആർനോൾഡ് ഡിക്സ്. സിഡ്നിയിലിരുന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് വിദൂര നിയന്ത്രണം നൽകുന്ന അദ്ദേഹം, രണ്ട് പേരെ ജീവനോടെ പുറത്തെത്തിച്ചത് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള “അസാധാരണ നേട്ടമാണെന്ന്” വിശേഷിപ്പിച്ചു. 2023 ലെ ഉത്തരാഖണ്ഡ് തുരങ്ക രക്ഷാപ്രവർത്തനത്തിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ആർനോൾഡ് ഡിക്സ്.
തൃശൂലി 3എ തുരങ്കത്തിൽ നിന്നാണ് സഞ്ജയ് ഷാ, കബീർ മഹാർജൻ എന്നിവരെ രക്ഷപ്പെടുത്തിയത്
ആഗസ്റ്റ് 26 ന് രസുവയിലെ ഭോട്ടെ കോശി നദിയിലുണ്ടായ കനത്ത പ്രളയത്തെത്തുടർന്നാണ് ഹൈഡ്രോ പവർ പ്ലാന്റിന്റെ ഭാഗമായ തൃശൂലി 3എ തുരങ്കം അടഞ്ഞുപോയതും തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിയതും. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാസേന പാറക്കെട്ടുകളും ചെളിയും നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വെള്ളിയാഴ്ചയോടെ പ്രളയം പ്ലാന്റുകളെ ബാധിച്ചിട്ട് 10 ദിവസം പിന്നിട്ടു.
ജെസിബികളും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും, ശ്വാസംമുട്ടൽ ഒഴിവാക്കാൻ പൈപ്പുകൾ വഴി ശുദ്ധവായു ഉള്ളിലേക്ക് എത്തിക്കുകയും ചെയ്തു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു രക്ഷാപ്രവർത്തനമെന്ന് ഡിക്സ് വ്യക്തമാക്കി.
പ്രളയജലവും ചെളിയും ഇരച്ചെത്തിയപ്പോൾ തൊഴിലാളികൾ തുരങ്കത്തിന് മുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടാകാമെന്ന് ആർനോൾഡ് ഡിക്സ് വിശദീകരിച്ചു. വഴിയടച്ച പാറക്കെട്ടുകൾ തൊഴിലാളികളെ ഉള്ളിൽ കുടുക്കിയെങ്കിലും, വെള്ളത്തിൽ മുങ്ങിമരിക്കുന്നതിൽ നിന്ന് അവരെ രക്ഷിച്ചു.
തൊഴിലാളികൾ ജീവനോടെയിരിക്കാൻ സാധ്യതയുള്ള സുരക്ഷിതമായ മേഖലകൾ (“Goldilocks zones”) മുൻകൂട്ടി കണ്ടെത്താൻ കഴിഞ്ഞതാണ് ഈ ദൗത്യം വിജയകരമാക്കാൻ സഹായിച്ചത്. പ്രകാശമോ വൈദ്യുതിയോ ഇല്ലാതെ, ഉള്ളിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും ഉപയോഗിച്ചാണ് രണ്ട് തൊഴിലാളികളും ഈ 10 ദിവസങ്ങൾ അതിജീവിച്ചത്.
നിലവിൽ ഈ തുരങ്കത്തിൽ ഇനി കുടുങ്ങിക്കിടക്കുന്നു എന്ന് കരുതുന്ന 35-ഓളം തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. വിവിധ പവർ പ്ലാന്റുകളിലായി 150-ഓളം തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്.







