ന്യൂദൽഹി- ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) നടത്തിയ നീണ്ട നിരീക്ഷണത്തിനൊടുവിൽ വൻ സ്വർണവേട്ട. പശ്ചിമ ബംഗാളിൽ ഏകദേശം 24 കോടി 95 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 15 കിലോഗ്രാം 607 ഗ്രാം സ്വർണവുമായി യുവതിയെ ബി.എസ്.എഫ് കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബി.എസ്.എഫ് 32-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ നാദിയയിലെ ബാൻപൂർ അതിർത്തി മേഖലയിൽ നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സ്ത്രീയെ തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്ന് സ്വർണം കണ്ടെടുത്തത്. അതിർത്തി മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സ്വർണവേട്ടകളിലൊന്നാണിത്.
പിടിച്ചെടുത്ത സ്വർണം എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും ഇത് ആർക്ക് കൈമാറാനായിരുന്നു എന്നതും കണ്ടെത്താൻ ബി.എസ്.എഫ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് കണ്ണികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സംഭവം ഒരു വലിയ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. കസ്റ്റഡിയിലെടുത്ത സ്ത്രീയെ തുടർനടപടികൾക്കായി കൃഷ്ണഗഞ്ച് പോലീസിന് കൈമാറും.







