റിയാദ്: അധിനിവേശവും അപഹരണവും പ്രമേയമാക്കി ചില്ല സർഗവേദിയുടെ ഓഗസ്റ്റ് മാസത്തെ വായനാസംഗമം ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. അനിൽ പനച്ചൂരാന്റെ ‘വലയിൽ വീണ കിളികളാണു നാം’ എന്ന കവിത ചൊല്ലി നാസർ പട്ടാമ്പി പരിപാടിക്ക് തുടക്കം കുറിച്ചു.
എം. സുകുമാരന്റെ തിരഞ്ഞെടുത്ത കഥാസമാഹാരമായ ‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്’ എന്ന കൃതിയെ ആസ്പദമാക്കി സുരേഷ് ലാൽ വായന അവതരിപ്പിച്ചു. എം. സുകുമാരന്റെ മൂന്ന് കാലഘട്ടങ്ങളിലെ കഥകളുടെ സവിശേഷതകളും ‘സംഘഗാനം’, ‘പിതൃതർപ്പണം’, ‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്’ തുടങ്ങിയ പ്രധാന കഥകളുടെ പ്രമേയങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഷീല ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവലിന്റെ വായന സീബ കൂവോട് നിർവഹിച്ചു. ഇസ്രയേൽ–പാലസ്തീൻ സംഘർഷ പശ്ചാത്തലത്തിൽ, പിറന്ന മണ്ണിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്ന ഫലസ്തീൻ ജനതയുടെ ദുരിതവും അഭയാർഥിത്വവും വ്യക്തമാക്കുന്ന ഭാഗങ്ങൾ അവർ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.
ടാൻസാനിയൻ എഴുത്തുകാരനും നോബൽ പുരസ്‌കാര ജേതാവുമായ അബ്ദുൾറസാഖ് ഗുർണയുടെ ‘അപഹരണം’ എന്ന നോവൽ വിപിൻ കുമാർ പരിചയപ്പെടുത്തി. കുടിയേറ്റ ജനത നേരിടുന്ന പ്രതിസന്ധികളും സ്വന്തം ജീവിതം നിർണയിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരുടെ ജീവിതവുമാണ് നോവലിന്റെ പ്രധാന പ്രമേയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുരുകൻ കാട്ടാക്കടയുടെ “ഒരു അഭയാർത്ഥിയുടെ മരണക്കുറിപ്പ്” എന്ന കവിത ചൊല്ലി നാസർ കാരക്കുന്ന് ചർച്ചയ്ക്ക് തുടക്കം കുറിച്ചു. ഷിംന സീനത്ത്, ഫൈസൽ കൊണ്ടോട്ടി, നജീം കൊച്ചുകലുങ്ക് എന്നിവർ സംസാരിച്ചു. ജോമോൻ സ്റ്റീഫൻ ചർച്ച ഉപസംഹരിച്ചു. നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു.







