ജിദ്ദ: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) പുതിയ സെക്രട്ടറി ജനറലായി മുൻ മൗറിത്താനിയൻ വിദേശകാര്യ മന്ത്രി ഇസ്മായിൽ ഒൽദ് ശൈഖ് അഹ്മദിനെ തെരഞ്ഞെടുത്തു. ജിദ്ദയിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗത്തിലാണ് 57 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയുടെ അമരക്കാരനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
മൗറിത്താനിയയിലെ ഏറ്റവും പ്രമുഖ നയതന്ത്രജ്ഞരിൽ ഒരാളായ ഇസ്മായിൽ ഒൽദ് ശൈഖ് അഹ്മദ് മുൻപ് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായും പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ യെമൻ, ലിബിയ, സിറിയ എന്നിവിടങ്ങളിലെ യു.എൻ പ്രത്യേക ദൂതനായും എബോള പ്രതിരോധ ദൗത്യത്തിന്റെ തലവനായും പ്രവർത്തിച്ച ദീർഘകാല അന്താരാഷ്ട്ര പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.
മേഖലയിലെ നിലവിലെ വെല്ലുവിളികളെ നേരിടാൻ കൂട്ടായ പ്രവർത്തനവും ഇസ്ലാമിക ഐക്യദാർഢ്യവും അത്യാവശ്യമാണെന്ന് യോഗത്തിൽ സംസാരിച്ച സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. സംഘടനയുടെ പ്രമേയങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനും ഘടന ശക്തിപ്പെടുത്താനും ഒ.ഐ.സിയിൽ സമഗ്ര പരിഷ്കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് ഉറച്ച പിന്തുണ ആവർത്തിച്ച സൗദി അറേബ്യ, അൽ അഖ്സ മസ്ജിദിലെ ഇസ്രായേൽ കടന്നുകയറ്റങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു. ഫലസ്തീൻ വിഷയത്തിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷാ കാര്യങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.







