റിയാദ്: റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക (ഫെഡറേഷൻ ഓഫ് റീജിയണൽ കേരളൈറ്റ്‌സ് അസോസിയേഷൻ) സംഘടിപ്പിച്ച ‘ഉത്രാടപ്പാച്ചിൽ’ ഓണാഘോഷ പരിപാടി വർണാഭമായ ഘോഷയാത്രയോടെ തുടക്കമായി. മുറബ്ബ അവന്യൂ മാൾ ലുലുവിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പരമ്പരാഗത വേഷങ്ങളണിഞ്ഞ് പങ്കെടുത്തു.
സാംസ്കാരിക സംഗമം മുതിർന്ന മാധ്യമപ്രവർത്തകൻ ബി.വി. പവനൻ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ കൂട്ടായ്മയും ഒരുമയും ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും വൈസ് ചെയർമാനുമായ ജയൻ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി.
ശിഹാബ് കൊട്ടുകാട്, സുരേന്ദ്രൻ കൂട്ടായി, സലിം കളക്കര, മധു ബാലുശ്ശേരി, സുധീർ കുമ്മിൾ, എം. സാലി, ഷിബു ഉസ്മാൻ, വിനോദ് മഞ്ചേരി, ജിബിൻ സമദ്, അബ്ദുള്ള വല്ലാഞ്ചിറ, ലാലു വർക്കി തുടങ്ങിയ വിവിധ സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ സംസാരിച്ചു. ആക്ടിംഗ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതവും നൗഷാദ് ചിറ്റാർ നന്ദിയും പറഞ്ഞു.
ചെണ്ടമേളം, തെയ്യം, നാസിക് ഡോൾ, കാവടി, പുലിക്കളി, മാവേലി, തിരുവാതിരക്കളി, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രശസ്ത ഗായകൻ സുഫിയാൻ ഖാലിദും റിയാദ് ബീറ്റ്‌സ് ടീമും അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. ഫോർക ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.







