ഛത്രപതി സംഭജിനഗർ: ഐഫോൺ വാങ്ങുന്നതുമായും അതിന്റെ പ്രതിമാസ ഗഡു (ഇ.എം.ഐ) അടയ്ക്കുന്നതുമായും ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മലമുകളിൽനിന്ന് താഴേക്ക് പതിച്ച് ദാരുണമായി കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിലുള്ള തിസ്ഗാവ് ഖവാഡ്യാ മലനിരകളിൽ വെള്ളിയാഴ്ചയാണ് നാടിനെ ഒന്നാകെ നടുക്കിയ സംഭവം നടന്നത്. പത്തൊൻപതുകാരനായ കുനാൽ ചന്ദ്ഗുഡെ, പിതാവ് മുരളിധർ ചന്ദ്ഗുഡെ (48), മാതാവ് സംഗീത എന്നിവരാണ് മരിച്ചത്.
ഐഫോൺ വാങ്ങിയതിനും അതിന്റെ ഇ.എം.ഐ തുക അടയ്ക്കുന്നതിനുമായി പണം വേണമെന്ന് വീട്ടുകാരോട് മകൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇത് സംബന്ധിച്ച് പിതാവുമായി രൂക്ഷമായ വാക്കേറ്റമുണ്ടായതിന് പിന്നാലെ, ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ കുനാൽ രാവിലെ 10 മണിയോടെ തിസ്ഗാവിലെ ഖവാഡ്യാ മലമുകളിലേക്ക് ആത്മഹത്യാ ഭീഷണിയുമായി കയറുകയായിരുന്നു. മകന് പിന്നാലെ മലമുകളിലെത്തിയ മാതാപിതാക്കളും പ്രദേശവാസികളും പൊലീസും അഗ്നിശമന സേനയും ഏകദേശം മൂന്ന് മണിക്കൂറോളം കുനാലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
സ്ഥലത്തുണ്ടായിരുന്ന തിസ്ഗാവ് മുൻ ഗ്രാമപഞ്ചായത്ത് സർപഞ്ച് സഞ്ജയ് യാദവും മറ്റുള്ളവരും കുനാലിനോട് ഐഫോൺ 15 പ്രോ വാങ്ങി നൽകാം എന്നും, അമ്മയെ ഓർത്തെങ്കിലും ജീവിതത്തിലേക്ക് തിരികെ വരണമെന്നും യാചിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയിരുന്നു. എന്നാൽ, തനിക്ക് മരിക്കണം എന്ന മറുപടിയാണ് കുനാൽ നൽകിയത്.
ഏകദേശം ഉച്ചയ്ക്ക് ഒരു മണിയോടെ, നിലയുറപ്പിച്ചിരുന്ന കുനാലിന്റെ അടുത്തേക്ക് കയറിയ പിതാവ് മുരളിധർ അവനെ ബലമായി പിടിച്ച് പിന്നിലേക്ക് വലിക്കാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമത്തിനിടെ രണ്ടാൾക്കും ബാലൻസ് തെറ്റുകയും താഴെയുള്ള അഗാധമായ താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. ഭർത്താവും മകനും താഴേക്ക് പതിക്കുന്നത് നേരിട്ടു കണ്ട മാതാവ് സംഗീതയും തൊട്ടുപിന്നാലെ മലമുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
മൂവരും സംഭവസ്ഥലത്തു വച്ചുതന്നെ തൽക്ഷണം മരണപ്പെട്ടു. വിവരം അറിഞ്ഞെത്തിയ വാളൂജ് എം.ഐ.ഡി.സി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും, വിഷാദരോഗം പോലുള്ള മറ്റ് മാനസിക ബുദ്ധിമുട്ടുകൾ കുനാലിന് ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.







