ന്യൂദൽഹി: ഈ ആഴ്ച സൊമാലിയ, യെമൻ തീരങ്ങളിൽ നിന്ന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ട് ചരക്കുകപ്പലുകളിലായി 22 ഇന്ത്യൻ നാവികരുള്ളതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കപ്പൽ കമ്പനികളുമായി കേന്ദ്ര സർക്കാർ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും നിലവിൽ നാവികർ എല്ലാവരും സുരക്ഷിതരാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
എറിത്രിയൻ പതാക വഹിച്ച ‘സിബു 1’ എന്ന എണ്ണ ടാങ്കറും, കാമറൂൺ പതാക വഹിച്ച ‘ലുട്ടുഫ്’ എന്ന ജനറൽ കാർഗോ കപ്പലുമാണ് കൊള്ളക്കാർ പിടിച്ചെടുത്തത്. വ്യാഴാഴ്ച യെമൻ തീരത്തെ ഏഡൻ ഉൾക്കടലിൽ നിന്ന് ആറ് ആയുധധാരികൾ ചേർന്ന് സിബു 1 കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തിങ്കളാഴ്ച സൊമാലിയയിലെ പുണ്ട്‌ലാന്റ് തീരത്തുനിന്നാണ് എട്ട് ആയുധധാരികൾ ലുട്ടുഫ് കപ്പൽ പിടിച്ചെടുത്തത്. സിബു 1-ലെ 20 നാവികരിൽ 16 പേരും, ലുട്ടുഫിലെ 10 ജീവനക്കാരിൽ 6 പേരും ഇന്ത്യക്കാരാണ്.
ഇരു കപ്പലുകളും ഇപ്പോൾ സൊമാലിയൻ തീരത്തേക്കാണ് നീങ്ങുന്നത്. കടൽക്കൊള്ളക്കാർ ട്രാൻസ്പോണ്ടറുകൾ ഓഫാക്കിയതിനാൽ വെള്ളിയാഴ്ച വരെ കപ്പലുകളുടെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇതിൽ ലുട്ടുഫ് കപ്പലിൽ തുർക്കി നിർമ്മിത ആയുധങ്ങളും ആശയവിനിമയ-ഉപഗ്രഹ ഉപകരണങ്ങളുമാണ് ഉള്ളത്. ഇറാൻ പെട്രോളിയം വ്യാപാരത്തിൽ പങ്കാളിയായതിനെ തുടർന്ന് 2025 ഡിസംബറിൽ സിബു 1 കപ്പലിന് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2025-ലെ കണക്കുകൾ പ്രകാരം 3.2 ലക്ഷത്തിലധികം മലയാളി അടക്കമുള്ള ഇന്ത്യൻ നാവികർ വിവിധ വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്നുണ്ട്.







