തെഹ്റാൻ: യു.എസുമായി മാസങ്ങളായി തുടരുന്ന മധ്യപൂർവേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. നിലവിൽ അമേരിക്കയേക്കാൾ ശക്തമായ നിലയിലാണ് ഇറാനെന്നും അതിനാൽ കരുത്തിന്റെയും അന്തസ്സിന്റെയും സ്ഥാനത്ത് നിൽക്കുമ്പോൾ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി. ലോകം മുഴുവൻ ഇറാന്റെ വിജയം അംഗീകരിച്ചതായും, സ്കൂളുകളും ആശുപത്രികളും ആക്രമിച്ച അമേരിക്ക ലോകമെമ്പാടും വെറുക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസും ഇസ്രായേലും നടത്തിയ ആക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. ഇതേത്തുടർന്ന് പ്രധാന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടയ്ക്കുകയും, മറുപടിയായി യു.എസ് ഇറാന് നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുപക്ഷവും ശക്തമായി നിലയുറപ്പിച്ചതോടെ മാസങ്ങളായി ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ജൂണിൽ യു.എസുമായി ഉണ്ടാക്കിയ ധാരണാപത്രത്തെ പെസെഷ്‌കിയാൻ ന്യായീകരിച്ചു. ഈ കരാർ ഇറാന്റെ പരാജയമല്ലെന്നും, കീഴടങ്ങലിനെ സൂചിപ്പിക്കുന്ന ഒരു വ്യവസ്ഥ പോലും ഇതിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയും നേരത്തെ കരാറിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ അമേരിക്കയ്ക്ക് നൽകിയെന്ന് ആരോപിച്ച് പാർലമെന്റിലെ തീവ്രനിലപാടുകാർ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിലൂടെ യു.എസ് നാവികസേന എണ്ണ ടാങ്കറുകൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും, ഇത് പ്രതിദിനം 50 ലക്ഷം മുതൽ ഒരു കോടി ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യാൻ സഹായിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ശക്തമായ നിലയിലാണെന്ന ഇറാന്റെ അവകാശവാദം തള്ളിയ അമേരിക്ക, ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കാൻ ഉപരോധങ്ങൾ വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി.







