ജിദ്ദ: സൗദി അറേബ്യയിൽ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികളെ നാടുകടത്താൻ ഉത്തരവ്. പിഴ ഈടാക്കിയ ശേഷമാകും ഇവരെ നാടുകടത്തുക എന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.
മൂന്ന് പ്രതികൾക്കും കൂടി ആകെ 35,000 റിയാൽ (ഏകദേശം 8 ലക്ഷത്തോളം രൂപ) ആണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ ഇന്ത്യൻ സ്വദേശിയായ ഷാഫി നൂർ ഹസന് 12,000 റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ. ഈജിപ്ത് സ്വദേശി മുഹമ്മദ് ഖാലിദ് മുഹമ്മദ് ഹസനും സമാനമായ ശിക്ഷ ലഭിച്ചു. ഇയാൾക്കും 12,000 റിയാലാണ് പിഴ. മൂന്നാമത്തെയാളായ ഛാഡ് സ്വദേശി അബ്ദുറഹ്‌മാൻ മുഹമ്മദ് നൂർ മുഹമ്മദിന് 11,000 റിയാൽ പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു. ഇത്തരം കേസുകൾ പരിശോധിക്കുന്ന അതോറിറ്റിക്കു കീഴിലെ പ്രത്യേക സമിതിയുടേതാണ് ഉത്തരവ്.
കൃത്യമായ ലൈസൻസ് നേടാതെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ലാൻ്റ് ട്രാൻസ്പോർട്ട് നിയമപ്രകാരം നിരോധിച്ചിട്ടുള്ള കാര്യമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും അനധികൃത ടാക്‌സി സർവീസുകൾക്കെതിരായ നടപടികൾ ശക്തമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
വിദേശികളായ നിയമലംഘകർക്ക് പിഴ ചുമത്താനും നാടുകടത്താനും ശിക്ഷാ തീരുമാനം പരസ്യപ്പെടുത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. യാത്രക്കാർ ലൈസൻസുള്ള ഗതാഗത സേവനങ്ങളും സൗകര്യങ്ങളും മാത്രം ഉപയോഗിക്കണമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അഭ്യർത്ഥിച്ചു.







