ജിദ്ദ: വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി അനസ് ബിൻ മാലിക് സെന്റർ സംഘടിപ്പിച്ച 40 ദിവസത്തെ ഖുർആൻ മനഃപാഠ കോഴ്‌സ് ‘നൂറുൽ ഖുർആൻ’ പ്രോജ്ജ്വലമായി സമാപിച്ചു. ഷറഫിയ്യ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ നൂറിലധികം പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. അനസ് ബിൻ മാലിക് സെന്റർ മേധാവി ശൈഖ് ഫായിസ് അസ്സഹലി പരിപാടി ഉദ്ഘാടനം ചെയ്തു.
മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിക്കാതെ, ദിവസവും 12 മണിക്കൂർ വീതം 40 ദിവസം ഖുർആൻ പഠനത്തിനായി മാറ്റിവെച്ച കുട്ടികൾ ക്ഷമയുടെയും അച്ചടക്കത്തിന്റെയും വലിയ മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖുർആൻ മാനവർക്ക് വഴികാട്ടിയായ പ്രകാശമാണെന്നും അത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും ഉത്തമരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശുദ്ധ ഖുർആൻ നൽകുന്ന പാഠങ്ങൾ ജീവിതത്തിൽ പകർത്തി സമൂഹത്തിന് മാതൃകയാകാൻ പഠിതാക്കൾക്ക് സാധിക്കണമെന്ന് മുഖ്യാതിഥിയായ ജിദ്ദ ഇൻഡസ്ട്രിയൽ സിറ്റി ദഅവാ സെന്റർ (ജെ.ഡി.സി.സി) മേധാവി ശൈഖ് ഇബ്രാഹീം ബിൻ ഖലീൽ അർറായി ഉൽബോധിപ്പിച്ചു. കോഴ്‌സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.
നൂറുൽ ഖുർആൻ ഡയറക്ടർ റഫീഖ് ഇബ്രാഹിം പ്രോഗ്രാം റിപ്പോർട്ട് അവതരിപ്പിച്ചു. ശൈഖ് ഖാലിദ് അൽ വാസിൽ, ഉമർകോയ മദീനി തുടങ്ങിയവർ ആശംസകൾ നേർന്നു. അബ്ദുർറഊഫ് അൽ ഹികമി പരിഭാഷ നിർവ്വഹിച്ചു. ഹാഫിള് ജാസിം ഇഖ്ബാൽ, കറമുല്ലാഹ് അൽ ബൈറൂതി, വിദ്യാർത്ഥികളായ മുഹമ്മദ് ശമ്മാസ്, അബ്ദുർറഹ്‌മാൻ മുഹമ്മദ് എന്നിവർ ഖുർആൻ പാരായണം ചെയ്തു.
ജെ.ഡി.സി.സി. പ്രസിഡന്റ് സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, ട്രഷറർ നബീൽ പാലപ്പറ്റ, ഭാരവാഹികളായ അബ്ദുർറശീദ് ചേരൂർ, റൗനഖ് പുത്തൂർ പള്ളിക്കൽ, ഹാഫിള് മുഹമ്മദ് ഇഖ്ബാൽ, സൽമാൻ ബാലുശ്ശേരി തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു. അനസ് ബിൻ മാലിക് മദ്രസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി സ്വാഗതവും ജെ.ഡി.സി.സി. എഡ്യൂക്കേഷൻ സെക്രട്ടറി നൗഫൽ പീടിയേക്കൽ നന്ദിയും പറഞ്ഞു.







