തെഹ്‌റാൻ/ദോഹ: അമേരിക്കയുമായുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഇടക്കാല കരാറിലെ നിബന്ധനകൾ യു.എസ് പാലിക്കുന്നതുവരെ ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ചർച്ചാ സംഘം തലവനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. ഇറാനെതിരായ നാവിക-സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്നും മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലിടുക്കിന്റെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഒമാനുമായി വേറെത്തന്നെ ചർച്ചകൾ നടക്കുന്നുണ്ടെന്നും ധാരണയിലെത്താറായെന്നും ഇറാൻ അവകാശപ്പെട്ടു.
അതേസമയം, ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്നും ഉപരോധങ്ങൾ കൂടുതൽ കർശനമാക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക വരുംദിവസങ്ങളിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും മുന്നറിയിപ്പ് നൽകി. ധാരണയിലെത്താൻ ഇരുരാജ്യങ്ങളും നിശ്ചയിച്ചിരുന്ന 60 ദിവസത്തെ സമയപരിധി ഇന്നലെ ചർച്ചകളൊന്നുമില്ലാതെ അവസാനിച്ചിരുന്നു. ജൂലൈയിൽ ഇറാനിലെ ചില കേന്ദ്രങ്ങളിൽ യു.എസ് ആക്രമണവും നടത്തിയിരുന്നു.
അതിനിടെ, ആറുമാസമായി തുടരുന്ന തർക്കങ്ങളും കടലിടുക്ക് അടച്ചിട്ടതും രാജ്യത്തിനുള്ളിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും പെട്രോൾ ക്ഷാമത്തിനും കാരണമായിട്ടുണ്ടെന്നും, ഇത് ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് വഴിമാറിയേക്കാമെന്നും ഇറാൻ ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നുണ്ട്.
അതിർത്തി ലംഘിച്ച ഇറാൻ വിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ
യു.എസ്-ഇറാൻ തർക്കങ്ങൾക്കിടെ മേഖലയിൽ മറ്റ് സംഘർഷങ്ങളും പുകയുകയാണ്. മാർച്ച് 19-ന് ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഇറാന്റെ രണ്ട് ‘സുഖോയ്-24’ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കാൻ എത്തിയ വിമാനങ്ങളെ കൃത്യമായ ഇടപഴകൽ നിയമങ്ങൾ (Rules of Engagement) പാലിച്ചാണ് നേരിട്ടതെന്ന് മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി പറഞ്ഞു.
തങ്ങളുടെ മൂന്ന് പൈലറ്റുമാരെ ഖത്തർ തടവിലാക്കിയിരിക്കുകയാണെന്ന ഇറാന്റെ അവകാശവാദം ഖത്തർ തള്ളി. പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും, കൊല്ലപ്പെട്ട ഒരു പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് ലഭിച്ചതെന്നും ഖത്തർ വ്യക്തമാക്കി. മേഖലയിൽ നയതന്ത്രതലത്തിൽ സമാധാനശ്രമങ്ങൾ നടക്കുമ്പോൾ ഇറാൻ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽ ഖത്തർ ആശ്ചര്യം പ്രകടിപ്പിച്ചു.







