വാഷിംഗ്ടണ്‍/ഒമാൻ – ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള കരാറിന് തടസ്സം സൃഷ്ടിച്ചാല്‍ ഒമാനില്‍ ബോംബാക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാനും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ പരാമര്‍ശിച്ചുകൊണ്ട്, ഒമാന്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചാല്‍, ഞങ്ങള്‍ അവരെ ബോംബിടുമെന്ന് ട്രംപ് ഫോക്‌സ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ ട്രേ യിങ്സ്റ്റിനോട് പറഞ്ഞു. ഹോര്‍മുസുമായി ബന്ധപ്പെട്ട് അമേരിക്കയും സ്വന്തം ചര്‍ച്ചകള്‍ തുടരുകയാണ്. ഇറാന്‍ കീഴടങ്ങലിന്റെ വെള്ളക്കൊടി ഉയര്‍ത്തണം എന്നും ട്രംപ് പറഞ്ഞു.
ഇറാനുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു തിടുക്കവുമില്ല. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ആശയവിനിമയം നടക്കുന്നുണ്ട്. റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ നേരിട്ട് സംസാരിക്കുന്നുണ്ട്. യു.എസ് നാവിക ഉപരോധം ഇറാന്‍ ഭരണകൂടത്തിനു മേല്‍ പുതിയ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുന്നു. ഇറാന് ഒരു തരത്തിലും ആണവായുധം സ്വന്തമാക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ചെങ്കടലില്‍ സൗദി സൈനിക കപ്പല്‍ ആക്രമിച്ചതായി യെമനിലെ ഹൂത്തി വിമതര്‍ അവകാശപ്പെട്ടു. സൗദി അറേബ്യക്കെതിരായ സമുദ്ര ഉപരോധത്തിന്റെ ഭാഗമായി ചെങ്കടലില്‍ സൗദി സൈനിക കപ്പലിനെയും ഒപ്പമുള്ള നാല് ബോട്ടുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂത്തി വിമതര്‍ പറഞ്ഞു. ചെങ്കടലില്‍, മോഖ തീരത്ത് ഏതാനും ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച്, നാല് സൈനിക പട്രോളിംഗ് ബോട്ടുകളുടെ അകമ്പടിയോടെ നീങ്ങിയിരുന്ന സൗദി ശത്രുവിന്റെ സൈനിക ലാന്‍ഡിംഗ് കപ്പലിനെ ലക്ഷ്യമിടുന്നതില്‍ തങ്ങള്‍ വിജയിച്ചതായി ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ സൈനിക വക്താവ് യഹ്യ സരീഅ് പറഞ്ഞു.







