കയ്‌റോ – ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ഈജിപ്തിലെ അല്‍അലമൈനില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്നറുമായും കൂടിക്കാഴ്ച നടത്തി. മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയക്കുള്ള സമാധാന കൗണ്‍സില്‍ പ്രത്യേക കോര്‍ഡിനേറ്റര്‍ നിക്കോളായ് മ്ലാഡെനോവുമായും ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
2025 ഒക്ടോബറില്‍ ശറമുശ്ശൈഖില്‍ ഒപ്പുവെച്ച റോഡ് മാപ്പിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് യു.എസ് ഭരണകൂടം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നത് അടക്കമുള്ള ഒരുകൂട്ടം ആവശ്യങ്ങള്‍ യോഗത്തില്‍ ഹമാസ് ഉന്നയിച്ചു. സമാധാന പദ്ധതി നിരാകരിച്ച ഇസ്രായില്‍ സര്‍ക്കാരിന്റെ നിലപാട് മയപ്പെടുത്താന്‍ ട്രംപ് ഭരണകൂടം പ്രവര്‍ത്തിക്കണമെന്നും നേരത്തെ പരസ്പര ധാരണയിലെത്തിയതു പോലെ ഗാസയിലേക്ക് 600 ട്രക്ക് ലോഡ് സഹായം പ്രവേശിപ്പിക്കുക, ഹമാസ് നേതാക്കളെയും ഗാസ നിവാസികളെയും കൊലപ്പെടുത്തുന്നത് ഇസ്രായില്‍ ഉടന്‍ നിര്‍ത്തുക എന്നിവയുള്‍പ്പെടെയുള്ള അടിയന്തിര ആവശ്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
നിരായുധീകരണത്തിനും പ്രസ്ഥാനത്തിന്റെ സൈനിക വിഭാഗം പിരിച്ചുവിടാനുമുള്ള പ്രത്യേക സമയക്രമം ഹമാസ് പാലിക്കണമെന്ന വ്യവസ്ഥയില്‍ സമാധാന പദ്ധതിയോടുള്ള യു.എസ് ഭരണകൂടത്തിന്റെ പ്രതിബദ്ധത കുഷ്നര്‍ സ്ഥിരീകരിച്ചു. ഗാസ ഭരണസമിതിക്കും, സമാധാന പദ്ധതിയുടെ നിബന്ധനകള്‍ക്കുള്ളില്‍ അംഗീകരിച്ച അന്താരാഷ്ട്ര സ്ഥിരത സേനക്കും ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ കൈമാറുന്നതിന് സമാന്തരമായി പദ്ധതി നടപ്പാക്കാനുള്ള ഇസ്രായിലിന്റെ പ്രതിബദ്ധത നേടിയെടുക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും തിങ്കളാഴ്ച നടത്തുന്ന ഇസ്രായില്‍ സന്ദര്‍ശന വേളയില്‍ നെതന്യാഹുവുമായി ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ ശ്രമിക്കുമെന്നും കുഷ്‌നെര്‍ കൂട്ടിച്ചേര്‍ത്തു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയുമായും കുഷ്‌നെര്‍ പ്രത്യേകം കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി.
ക്യാപ്.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്നറും ഈജിപ്തിലെ അല്‍അലമൈനില്‍ ചര്‍ച്ച നടത്തുന്നു.







