ദമാസ്‌കസ് – സിറിയയില്‍ മുന്‍ ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷമുള്ള ആദ്യ സുപ്രധാന വിധിന്യായത്തില്‍, പുറത്താക്കപ്പെട്ട പ്രസിഡന്റ് ബശാര്‍ അല്‍അസദ്, സഹോദരന്‍ മാഹിര്‍ അല്‍അസദ്, അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മാതൃസഹോദരീ പുത്രന്‍ ആതിഫ് നജീബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഭരണകൂട അംഗങ്ങള്‍ക്ക് സിറിയന്‍ ജുഡീഷ്യറി വധശിക്ഷ വിധിച്ചു. ദമാസ്‌കസിലെ ഫോര്‍ത്ത് ക്രിമിനല്‍ കോടതിയാണ് ഈ ചരിത്രവിധി പുറപ്പെടുവിച്ചത്.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, ഒന്നിലധികം ആളുകളെയും 15 വയസ്സിന് താഴെയുള്ള കുട്ടികളെയും മനഃപൂര്‍വ്വം കൊലപ്പെടുത്തല്‍, പീഡനം, മരണത്തില്‍ കലാശിക്കുന്ന പീഡനം, സ്വാതന്ത്ര്യം ഹനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ബശാര്‍ അല്‍അസദിനെതിരെ തെളിഞ്ഞതായി കോടതി ചീഫ് ജസ്റ്റിസ് ഫഖ്‌റുദ്ദീന്‍ അല്‍അര്‍യാന്‍ വ്യക്തമാക്കി. ഇവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളുമായാണ് കോടതി കണക്കാക്കിയത്.
2024 ഡിസംബറില്‍ ഭരണകൂടം അട്ടിമറിക്കപ്പെട്ടതിനെത്തുടര്‍ന്ന് മോസ്‌കോയിലേക്ക് പലായനം ചെയ്ത ബശാര്‍ അല്‍അസദിന്റെയും മാഹിര്‍ അല്‍അസദിന്റെയും അസാന്നിധ്യത്തിലാണ് വിധി പ്രസ്താവിച്ചത്. ദര്‍ആ ഗവര്‍ണറേറ്റിലെ രാഷ്ട്രീയ സുരക്ഷാ വകുപ്പ് ശാഖ തലവനായിരിക്കെ മാനവികക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്ത ആതിഫ് നജീബിന് നേരിട്ട് കോടതിയില്‍ ഹാജരാക്കിയാണ് വധശിക്ഷ വിധിച്ചത്. വിചാരണ വേളയില്‍ കുറ്റങ്ങള്‍ നിഷേധിച്ച ഇദ്ദേഹം പശ്ചാത്താപമോ മാപ്പപേക്ഷയോ പ്രകടിപ്പിച്ചില്ലെന്ന് ജഡ്ജി വ്യക്തമാക്കി.
മുന്‍ പ്രതിരോധ മന്ത്രി ഫഹദ് ജാസിം അല്‍ഫരീജ്, നാലാം സൈനിക ഡിവിഷന്‍ മുന്‍ കമാന്‍ഡര്‍ മാഹിര്‍ അല്‍അസദ്, ദര്‍ആയിലെ മിലിട്ടറി ഇന്റലിജന്‍സ് ശാഖ മുന്‍ തലവന്‍ ലുഅയ് അല്‍അലി ഉള്‍പ്പെടെ ആറ് മുന്‍ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കോടതി അസാന്നിധ്യത്തില്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്.
വിധി അറിഞ്ഞതിനെത്തുടര്‍ന്ന് ദമാസ്‌കസിലും മറ്റ് സിറിയന്‍ നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി. ജസ്റ്റിസ് പാലസിന് സമീപം തടിച്ചുകൂടിയ ജനങ്ങള്‍ വിധിന്യായത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ജഡ്ജിമാരെയടക്കം അഭിനന്ദിക്കുകയും ചെയ്തു. അസദിന്റെ കാലത്തെ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്ന പുതിയ സിറിയന്‍ അധികാരികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഏപ്രില്‍ 26-ന് വിചാരണ നടപടികള്‍ ആരംഭിച്ചത്. യുദ്ധത്തകര്‍ച്ച നേരിടുന്ന രാജ്യത്ത് പരിവര്‍ത്തന നീതിയുടെ പ്രാധാന്യം അന്താരാഷ്ട്ര സമൂഹവും ആക്ടിവിസ്റ്റുകളും ഇതിനോടകം ഊന്നിപ്പറഞ്ഞിട്ടുണ്ട്.







