കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോണുകൾ സായുധ സേന വിജയകരമായി തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ കൃത്യമായി നിരീക്ഷിക്കുകയും നേരിടുകയും ചെയ്തതായി മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ അത്‌വാൻ വ്യക്തമാക്കി. വടക്കൻ കുവൈത്തിലെ പ്രമുഖ സർക്കാർ കേന്ദ്രത്തിനും ബുബിയാൻ ദ്വീപിലെ സ്വകാര്യ കമ്പനിയുടെ സിവിലിയൻ വാഹനങ്ങൾക്കും നേരെയായിരുന്നു ആക്രമണം.
തകർന്ന ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് പ്രധാനമായും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സായുധ സേന സ്വീകരിച്ചിട്ടുണ്ട്. പൂർണ്ണ സജ്ജരായിരിക്കുന്ന സേന ഉയർന്ന കാര്യക്ഷമതയോടെയാണ് തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നത്. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.






