കുവൈത്ത് സിറ്റി: വടക്കൻ കുവൈറ്റിൽ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു പ്രവാസി തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവമറിഞ്ഞയുടൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടികൾ സ്വീകരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽഅത്വാൻ വ്യക്തമാക്കി.
സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് പ്രവർത്തിച്ചുവരികയാണെന്ന് കുവൈത്ത് സായുധ സേന അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഉയർന്ന കാര്യക്ഷമതയോടെ സേന സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഈജിപ്തിലെ ദമിയാത്ത് തുറമുഖത്ത് ഡ്രോൺ ആക്രമണം
വടക്കൻ ഈജിപ്തിലെ ദമിയാത്ത് (Damietta) തുറമുഖത്ത് ബുധനാഴ്ച രണ്ട് കപ്പലുകളിലുണ്ടായ തീപിടുത്തം ഡ്രോൺ ആക്രമണത്തെ തുടർന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഈജിപ്ഷ്യൻ മന്ത്രിസഭ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ദുരന്തത്തിന്റെ പശ്ചാത്തലം വ്യക്തമാകാനും കുറ്റക്കാരെ കണ്ടെത്താനുമായി അന്വേഷണം തുടരുകയാണ്. എമർജൻസി സംഘങ്ങൾ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷയും രാജ്യത്തിന്റെ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി.
എന്നാൽ, സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഇറാൻ തീരുമാനിച്ചാൽ ആഗോള കപ്പൽ ഗതാഗതത്തെയും ഊർജ്ജ വിതരണത്തെയും അത് സാരമായി ബാധിക്കുമെന്ന സന്ദേശം നൽകാനാണ് ഈജിപ്തിലെ ദമിയാത്ത് തുറമുഖം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇറാനിയൻ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയത് ഇറാന്റെ നേരിട്ടുള്ള ഇടപെടൽ മൂലമാണോ അതോ മേഖലയിലെ സഖ്യകക്ഷികളായ സായുധ ഗ്രൂപ്പുകളാണോ എന്നതിലോ, ഡ്രോൺ വിക്ഷേപിച്ച സ്ഥലത്തെക്കുറിച്ചോ വ്യക്തത വന്നിട്ടില്ല.
അതേസമയം, ഈജിപ്തിലെ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. മേഖലയിൽ തുടരുന്ന സംഘർഷങ്ങളുടെ ഭാഗമാണ് ഇതെന്നും ഇറാനെതിരെ അമേരിക്ക അതിശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ഉടമസ്ഥതയിലുള്ള ഗ്യാസ് ടാങ്കറിന് തീപിടിച്ചു
മെഡിറ്ററേനിയൻ തുറമുഖമായ ദമിയാത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് കപ്പലുകൾക്കാണ് തീപിടിച്ചത്. ഇതിലൊന്ന് അമേരിക്കൻ ഉടമസ്ഥതയിലുള്ള പ്രകൃതിവാതക സംഭരണ ടാങ്കറാണെന്ന് മറൈൻ ട്രാക്കിംഗ് ഏജൻസികൾ സ്ഥിരീകരിച്ചു. അമേരിക്കൻ കമ്പനിയായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ കീഴിലുള്ള ‘എനർഗോസ് വിന്റർ’ (Energos Winter) എന്ന ഈ ടാങ്കർ ഈജിപ്ഷ്യൻ നാച്ചുറൽ ഗ്യാസ് ഹോൾഡിംഗ് കമ്പനി (EGAS) വാടകക്കെടുത്ത് പ്രവർത്തിപ്പിച്ചു വരികയായിരുന്നു. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗ്രീക്ക് ഷിപ്പിംഗ് കമ്പനി പ്രവർത്തിപ്പിക്കുന്ന ദ്രവീകൃത പ്രകൃതിവാതക (LNG) ടാങ്കറാണ് അഗ്നിബാധയുണ്ടായ രണ്ടാമത്തെ കപ്പൽ. സ്ഫോടനത്തെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നും ഇതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ മറ്റ് ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ സംഭവം ആഗോള ഊർജ്ജ വിപണിയെ ഉടനടി വലിയ രീതിയിൽ ബാധിച്ചേക്കില്ലെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ വിലയിരുത്തൽ. എന്നിരുന്നാലും, മെഡിറ്ററേനിയൻ മേഖലയിലെ കപ്പലുകളെക്കൂടി ആക്രമിക്കുന്ന തരത്തിലേക്ക് ഇറാൻ പോരാട്ടം വ്യാപിപ്പിച്ചാൽ, ഈജിപ്ഷ്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നതിന്റെ സുരക്ഷാ ഭീഷണി ഷിപ്പിംഗ് കമ്പനികൾക്ക് പുനർചിന്തിക്കേണ്ടി വരും. ഇത് ആഗോള വ്യാപാര മേഖലയിൽ വലിയ തടസ്സങ്ങൾക്ക് കാരണമാകും.
ജോർദാനിലേക്ക് വിക്ഷേപിച്ച മിസൈലുകൾ തകർത്തു
അതിനിടെ, ജോർദാൻ ഭൂപ്രദേശം ലക്ഷ്യമാക്കി ഇറാനിൽ നിന്ന് വിക്ഷേപിച്ച അഞ്ച് മിസൈലുകൾ തടഞ്ഞു തകർത്തതായി ജോർദാൻ സായുധ സേന ഇന്ന് പുലർച്ചെ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഉയർന്ന ജാഗ്രത പുലർത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ അടിയന്തര നടപടികളും പൂർണ്ണ സജ്ജമാണെന്നും ജോർദാൻ സൈന്യം വ്യക്തമാക്കി.





