ലഖ്നൗ- ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ മൂന്ന് സഹോദരിമാർ ഒരേ വ്യക്തിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് വിമർശനവുമായി ഹൈന്ദവ സംഘടനകൾ. ഹസൻപൂരിലെ ധൗരിയ ഗ്രാമത്തിൽ നിന്നുള്ള സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായ സരോജ് (20), സാവിത്രി (19), സന്തോഷ് (18) എന്നീ മൂന്നു സഹോദരിമാരാണ് തങ്ങളുടെ ക്യാമറാമാനെ വിവാഹം ചെയ്തത്. ജൂലൈ 17-ന് ചാമുണ്ഡാ മാതാ ക്ഷേത്രത്തിൽ വെച്ചായിരുന്നു വികാസ് എന്ന ഇവരുടെ ക്യാമറാമാനുമായുള്ള വിവാഹം.
ബുധനാഴ്ചയോടെ ഈ വിവാഹച്ചടങ്ങിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചില ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്ന് വിമർശനങ്ങൾ ഉയർന്നുവരികയും ചെയ്തു. വിവാഹച്ചടങ്ങുകൾക്ക് ശേഷം മൂന്ന് സഹോദരിമാരുടെയും നെറ്റിയിൽ വികാസ് സിന്ദൂരം ചാർത്തുന്നത് വീഡിയോയിൽ കാണാം. ചടങ്ങിൽ ഇരുപക്ഷത്തുനിന്നും കുടുംബാംഗങ്ങളാരും പങ്കെടുത്തിരുന്നില്ല.
ഒരേ വ്യക്തിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് സരോജ് പറയുന്നതിങ്ങനെ: ഞങ്ങൾ ചെറുപ്പം മുതലേ ഒരുമിച്ചാണ് വളർന്നത്. തങ്ങൾക്ക് വെവ്വേറെ വിവാഹങ്ങൾ ആലോചിക്കാൻ വീട്ടുകാർ പദ്ധതിയിടുന്നതായി അറിഞ്ഞപ്പോൾ മാനസികമായി തകർന്നുപോയി. “കുട്ടിക്കാലം തൊട്ടേ ഞങ്ങൾ ഒന്നിച്ചാണ് ജീവിച്ചത്. പിരിഞ്ഞുജീവിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. വിവാഹം ഞങ്ങളെ വേർപെടുത്തുമെന്ന് മനസ്സിലായപ്പോൾ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും ഞങ്ങൾ ചിന്തിച്ചിരുന്നു. പിന്നീടാണ് മരിക്കുന്നതിന് പകരം ഒന്നിച്ച് ജീവിക്കാമെന്നും ഒരാളെത്തന്നെ വിവാഹം കഴിക്കാമെന്നും തീരുമാനിച്ചത്. ഞങ്ങൾ എല്ലാവരും മുതിർന്നവരാണ്, സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനമെടുത്തത്.”
കഴിഞ്ഞ ആറുമാസമായി വികാസ് തങ്ങളുടെ ക്യാമറാമാനായി ജോലി ചെയ്തുവരികയായിരുന്നുവെന്നും, ഇവർ ചെയ്യുന്ന സോഷ്യൽ മീഡിയ വീഡിയോകളിൽ പലപ്പോഴും ഭർത്താവിന്റെ വേഷം ചെയ്തിരുന്നത് വികാസ് ആയിരുന്നുവെന്നും സഹോദരിമാർ പറഞ്ഞു.
സഹോദരിമാർ തമ്മിലുള്ള ആത്മബന്ധം മനസ്സിലാക്കിയാണ് താൻ ഈ നിർദ്ദേശം അംഗീകരിച്ചതെന്ന് വികാസും വ്യക്തമാക്കി. “ആ മൂന്ന് സഹോദരിമാരും തമ്മിൽ എത്രത്തോളം അടുപ്പത്തിലാണെന്ന് എനിക്കറിയാമായിരുന്നു. വിവാഹശേഷം വേർപിരിഞ്ഞു ജീവിക്കാൻ കഴിയില്ലെന്ന് അവർ എന്നോട് ആവർത്തിച്ചു പറഞ്ഞു. അവരുടെ വികാരങ്ങളെ മാനിച്ചാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്. പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്, ജനങ്ങൾ ഞങ്ങളുടെ തീരുമാനത്തെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” വികാസ് പറഞ്ഞു.
ഓൺലൈനിൽ വിമർശനങ്ങൾ ശക്തമായതോടെ, വിവാഹത്തെ ന്യായീകരിച്ച് സഹോദരിമാർ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടു. ഹിന്ദു പുരാണത്തിലെ ഒരു കഥാപാത്രത്തെ ചൂണ്ടിക്കാട്ടി, “പണ്ടുകാലത്ത് ദശരഥ മഹാരാജാവിന് മൂന്ന് രാജ്ഞിമാരുണ്ടായിരുന്നു. അത് അന്ന് ഒരു അപമാനമായിരുന്നോ?” എന്ന് അവർ ചോദിച്ചു. തങ്ങൾ എല്ലാവരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുത്തതെന്നും അതിനാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.
എന്നാൽ, ഈ വിവാഹം നിയമപരമായ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഹിന്ദു വിവാഹ നിയമപ്രകാരം ഈ വിവാഹത്തിന് നിയമസാധുതയില്ലെന്ന് അലാഹബാദ് ഹൈക്കോടതി അഭിഭാഷകനായ അനുരാഗ് പാണ്ഡെ പറഞ്ഞു. “ഹിന്ദു നിയമപ്രകാരം ഒരു ഹിന്ദു പുരുഷന് ഒരേ സമയം ഒന്നിലധികം സ്ത്രീകളെ നിയമപരമായി വിവാഹം കഴിക്കാൻ കഴിയില്ല. നിയമത്തിന്റെ കണ്ണിൽ ഇത്തരം വിവാഹങ്ങൾ അസാധുവും സാധുതയില്ലാത്തതുമാണ്,” അദ്ദേഹം വ്യക്തമാക്കി. വിവാഹം നടന്ന സമയത്ത് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നതിനാൽ പൂജാരിമാരാരും ഉണ്ടായിരുന്നില്ലെന്ന് ചാമുണ്ഡാ മാതാ ക്ഷേത്രം മാനേജർ ഡോ. ശിവചരൺ ദാസ് പറഞ്ഞു.
അതിനിടെ, വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് നാലുപേരോടും ഇവരുടെ കുടുംബങ്ങളോടും സംസാരിച്ചതായി ഹസൻപൂർ സർക്കിൾ ഓഫീസർ പങ്കജ് ത്യാഗി അറിയിച്ചു. “തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ചടങ്ങുകൾ നടത്തിയതെന്നുമാണ് അവർ പറഞ്ഞത്. ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇവരുടെ മാതാപിതാക്കളും ഈ തീരുമാനത്തെ എതിർത്തിട്ടില്ല. പരാതിയോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും,” ത്യാഗി പറഞ്ഞു.
ഒരു ആരാധനാലയത്തിൽ വെച്ച് ഇത്തരം ചടങ്ങുകൾ നടത്തിയത് മതപരവും സാമൂഹികവുമായ ആചാരങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ചില പ്രാദേശിക ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും നൽകിയിട്ടില്ല.




