തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ഗ്യാസ്, എണ്ണ ടാങ്കറുകകള്‍ ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ യു.എസ് സൈന്യം ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചു. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന, തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ഖെഷം ദ്വീപ്, ബന്ദര്‍ അബ്ബാസ് നഗരം, സിരിക് മേഖല എന്നിവയുള്‍പ്പെടെ ഏതാനും സ്ഥലങ്ങളിലാണ് അമേരിക്ക ആക്രമണങ്ങള്‍ നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള ഇടക്കാല കരാറിന് ഭീഷണിയായി ഇത് മാറി. ഇറാന്റെ ആണവ പദ്ധതി അവസാനിക്കുക, ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ പുതിയ ആക്രമണങ്ങള്‍ ദുഷ്‌കരമാക്കും.
അന്താരാഷ്ട്ര ജലപാതയില്‍ നിരപരാധികളായ സാധാരണക്കാര്‍ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നതിന് കനത്ത വില ചുമത്താനാണ് അമേരിക്കന്‍ സേന ഇറാനില്‍ ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ നടത്തിയ ആക്രമണം അനാവശ്യവും അപകടകരവും വെടിനിര്‍ത്തലിന്റെ വ്യക്തമായ ലംഘനവുമായിരുന്നുവെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ മാസവും കപ്പലുകള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തുകയും അമേരിക്ക പ്രതികാര ആക്രമണം നടത്തുകയും ചെയ്തിരുന്നു.



