ജിദ്ദ: ഇന്ത്യൻ ഹജ് മിഷന് കീഴിലെത്തിയ ഹാജിമാരുടെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മടക്കയാത്ര പൂർത്തിയായി. ഇന്ന് പുലർച്ചെ 123 തീർഥാടകരുമായി പുറപ്പെട്ട ആകാശ് എയറിന്റെ QP-7603 വിമാനത്തോടെയാണ് മാസങ്ങൾ നീണ്ടുനിന്ന ഹജ് സർവീസുകൾക്ക് വിമാനത്താവളത്തിൽ സമാപനമായത്.
ഹാജിമാരുടെ പുണ്യയാത്രയിലുടനീളം തണലാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ജിദ്ദ കെ.എം.സി.സി ഹജ് വളണ്ടിയർമാർ. കഴിഞ്ഞ ഏപ്രിൽ 30-ന് കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം എത്തിയത് മുതൽ കെ.എം.സി.സി ഹജ് വളണ്ടിയർ വിങ്ങിന്റെ എയർപോർട്ട് സേവനം സജീവമായിരുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും ജിദ്ദയിലെത്തിയ പതിനായിരക്കണക്കിന് ഹാജിമാർക്കാണ് ഇത്തവണ കെ.എം.സി.സി പ്രവർത്തകർ ഹൃദ്യമായ സ്വീകരണവും സേവനങ്ങളും നൽകിയത്.
ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രത്യേക അനുമതി പത്രത്തോടെ (പെർമിറ്റ്), ഷിഫ്റ്റ് അടിസ്ഥാനത്തിൽ 120-ഓളം വളണ്ടിയർമാരെയാണ് എയർപോർട്ട് വിങ്ങിനായി നിയോഗിച്ചിരുന്നത്.


എയർപോർട്ടിൽ വന്നിറങ്ങുന്ന ഹാജിമാർക്ക് ആവശ്യമായ പാനീയങ്ങളും മധുരപലഹാരങ്ങളും നൽകി ഔദ്യോഗിക ഉദ്യോഗസ്ഥരോടൊപ്പം ചേർന്നാണ് വളണ്ടിയർമാർ സ്വീകരിച്ചിരുന്നത്. ഇതിനുപുറമെ, പ്രായമായ ഹാജിമാർക്ക് പ്രത്യേക പരിചരണം നൽകുക, ശൗചാലയങ്ങളിലേക്കും മറ്റും പോകുന്നതിന് സഹായിക്കുക, ലഗേജുകൾ നീക്കാൻ തുണയാവുക എന്നിവയും വളണ്ടിയർമാരുടെ പ്രധാന പ്രവർത്തനങ്ങളായിരുന്നു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സാബിൽ മമ്പാട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ലത്തീഫ് വയനാട്, സലീന ഖുലൈസ്, എയർപോർട്ട് വളണ്ടിയർ വിങ്ങിലെ മൂസ പാണ്ടിക്കാട്, ജബ്ബാർ മാടാലൻ തുടങ്ങിയവർ സേവനങ്ങൾക്ക് നേതൃത്വം നൽകി. ഹജ് ടെർമിനലിൽ എത്തിയ അവസാന സംഘം ഹാജിമാരെയും സ്നേഹാദരങ്ങളോടെ യാത്രയാക്കിയാണ് ഇന്ന് പുലർച്ചെയോടെ ഉദ്യോഗസ്ഥ-വളണ്ടിയർ സംഘം വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.



