വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം മൂർച്ഛിക്കുന്നതിനിടെ, രാജ്യത്തിന് നേരെ ഉണ്ടായേക്കാവുന്ന ശക്തമായ തിരിച്ചടികൾ മുൻകൂട്ടി കണ്ട് യു.എസ് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിൽ. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന സംഭരണ നിരീക്ഷണ സംവിധാനങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ ഇറാൻ അനുകൂല ഹാക്കർമാരാണെന്ന് യു.എസ് ഉദ്യോഗസ്ഥർ സംശയിക്കുന്നതായി പ്രമുഖ വാർത്താ ഏജൻസിയായ സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ ഗ്യാസ് സ്റ്റേഷനുകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന പ്രധാന സംഭരണ കേന്ദ്രങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകളിലാണ് ഹാക്കിംഗ് നടന്നത്. ഇന്ധനത്തിന്റെ അളവ് രേഖപ്പെടുത്തുന്ന ഡിസ്‌പ്ലേ സിസ്റ്റങ്ങളിൽ ഹാക്കർമാർ വ്യാപകമായി കൃത്രിമം കാണിച്ചതായാണ് വിവരം. എന്നാൽ ഈ ആക്രമണം വഴി സിസ്റ്റങ്ങൾക്ക് ഭൗതികമായ നാശനഷ്ടങ്ങളോ ഇന്ധന വിതരണത്തിൽ തടസ്സങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മേഖലയിൽ നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയും സൈനിക നീക്കങ്ങൾ സജീവമാകുകയും ചെയ്ത പശ്ചാത്തലത്തിൽ, അമേരിക്കയിലെ പ്രധാന അടിസ്ഥാന സൗകര്യ മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ സൈബർ യുദ്ധം ശക്തമാക്കുമെന്നാണ് യു.എസ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി രാജ്യത്തെ ഊർജ്ജ, ഗതാഗത, ആശയവിനിമയ മേഖലകൾക്ക് കർശന സുരക്ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



