വാഷിംഗ്ടണ്‍ – ഇറാനിലേക്ക് വന്‍തോതില്‍ അമേരിക്കന്‍ സൈനിക നീക്കം നടക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാനിലെ ആണവ പ്രവര്‍ത്തനങ്ങളും ആഭ്യന്തര പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉടന്‍ മിഡില്‍ ഈസ്റ്റില്‍ എത്തും.
നേരത്തെ ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ ആക്രമണങ്ങളെ പരാമര്‍ശിച്ച ട്രംപ്, ആണവ പദ്ധതികളുമായി ഇറാന്‍ മുന്നോട്ട് പോയാല്‍ വീണ്ടും കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് ദാവോസില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനകള്‍ മാസങ്ങളായി തടസ്സപ്പെട്ടതും 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്‍ കൈവശം വെക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് പത്തോളം ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഇറാനില്‍ കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ വലിയൊരു വിഭാഗം പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന സാഹചര്യത്തിലാണ് അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. നിലവില്‍ ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് ഭൗമരാഷ്ട്രീയ വിഷയങ്ങളിലേക്ക് കൂടി ശ്രദ്ധ തിരിക്കുമ്പോഴും ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെ ഗൗരവത്തോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്.



