റിയാദ്- സൗദി നാഷണൽ ഫാൽക്കൺറി സെന്ററിന്റെ 2026ലെ ലേലത്തിന്റെ പന്ത്രണ്ടാം രാവിൽ മൂന്ന് പരുന്തുകൾ മൊത്തം 5,80,000 സൗദി റിയാലിന് (1.33 കോടി രൂപ) വിറ്റുപോയി. പരുന്തു വളർത്തലിലും പാരമ്പര്യത്തിലും താല്പര്യമുള്ള വൻ ജനപങ്കാളിത്തത്തോടെ നടന്ന ലേലം നവംബർ 30 വരെ തുടരും.
അൽ-ബറാസി മേഖലയിൽ നിന്ന് സാലിഹ് അബ്ദുള്ള അൽ-ഔഫി പിടി കൂടിയ ആദ്യത്തെ പരുന്ത് കുഞ്ഞ് 1,30,000 റിയാലിനാണ് വിറ്റുപോയത്. ഹഫർ അൽ-ബാത്തിനിലെ സമാഹ് പ്രദേശത്ത് നിന്ന് എട്ട് വേട്ടക്കാരുടെ പങ്കാളിത്തത്തോടെ പിടികൂടിയ രണ്ടാമത്തെ പരുന്ത് കുഞ്ഞ് 90,000 റിയാലിന് ലേലത്തിൽ പോയി.
അംലജിന് തെക്കുള്ള അൽ-ഷബാൻ മേഖലയിൽ നിന്ന് പിടികൂടിയ മൂന്നാമത്തെ പരുന്ത് കുഞ്ഞ് 3,60,000 റിയാലിന് വിറ്റുപോയി. ഇതോടെ ഈ വർഷത്തെ ലേലത്തിൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന തുകയുള്ള പരുന്തായി ഇത് മാറി.
ദേശീയ തലത്തിൽ പിടികൂടുന്ന ദേശാടന പരുന്ത് കുഞ്ഞുങ്ങൾക്ക് മാത്രമായി ലേലം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സൗദി നാഷണൽ ഫാൽക്കൺറി സെന്റർ അറിയിച്ചു. ഇവയുടെ വംശപരമ്പര നിലനിർത്തുന്നതിന്റെ ഭാഗമായി വളർച്ചയെത്തിയ പരുന്തുകളെയും പെരെഗ്രിൻ പരുന്തുകളെയും ലേലത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വേട്ടക്കാർക്ക് ആവശ്യമായ താമസ, യാത്രാ സൗകര്യങ്ങൾ സെന്റർ ഒരുക്കി നൽകുന്നുണ്ട്. കൂടാതെ ലേല നടപടികൾ ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്.



