വാഷിംഗ്ടൺ / ടെഹ്റാൻ– ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുന്നതിനിടയിലും, ഇറാനിലെ ഖെഷം ദ്വീപിൽ അമേരിക്ക ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ ഏറ്റവും വലിയ ദ്വീപായ ഖെഷ്മിൽ യു.എസ് രഹസ്യമായി നടത്തുന്ന പരിമിതമായ ആക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
ദ്വീപിൽ തുടർച്ചയായി അഞ്ച് സ്ഫോടനങ്ങൾ കേട്ടതായും രണ്ട് യുദ്ധവിമാനങ്ങൾ പറക്കുന്നത് കണ്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ സ്ഥിരീകരിച്ചു.
ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് കടക്കുമെന്ന് മുൻപ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഖെഷം ദ്വീപിലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ഇസ്രായേൽ പങ്കാളിയാണോ എന്ന ചോദ്യത്തിന് “ഇല്ല” എന്നായിരുന്നു എ.എഫ്.പിയോട് ഇസ്രായേൽ സൈനിക വക്താവിന്റെ പ്രതികരണം.



