മസ്കത്ത്- ഒമാൻ തീരത്ത് ലിമക്ക് സമീപം കപ്പലിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഗുജറാത്ത് സ്വദേശിയായ ഗന്ധാർ നഹിം അസീസ് എന്ന നാവികനാണ് ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചതെന്ന് കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
14 ഇന്ത്യൻ നാവികരുമായി സഞ്ചരിക്കുകയായിരുന്ന എം എസ് സി അൽ ജുസുഫി എന്ന ഇന്ത്യൻ പതാകയേന്തിയ വാണിജ്യ ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
കപ്പലിലുണ്ടായിരുന്ന മറ്റ് 13 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ഉറവിടം തിരിച്ചറിയാത്ത ഏതോ വ്യോമവസ്തു കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രക്ഷപ്പെട്ട നാവികരെയും മരിച്ച നാവികന്റെ ഭൗതികശരീരവും വേഗത്തിൽ നാട്ടിലെത്തിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസി അധികൃതരുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു വരികയാണ്.



