തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടതായി സൗദി ഷിപ്പിംഗ് കമ്പനിയായ ബഹ്രി അറിയിച്ചു. സിഡർ (SIDR) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഫിലിപ്പീൻ സ്വദേശികളായ രണ്ടു നാവികരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ഹോര്‍മുസ് കടലിടുക്കിന് സമീപം കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി. ഹോര്‍മുസ് ജലപാത കടക്കുന്നതിനിടെ എണ്ണ ടാങ്കര്‍ ബര്ഗനു നേരെയാണ് ആദ്യ ആക്രമണമുണ്ടായതെന്ന് ബഹ്റൈന്‍ ആസ്ഥാനമായ ജോയിന്റ് മാരിറ്റൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു. കപ്പല്‍ പിന്നീട് ജസീറത്ത് ഉമ്മുല്ഗനമിന് വടക്ക് പടിഞ്ഞാറ് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടു.
ഒമാനിലെ ഖസബിന് കിഴക്ക് 17 നോട്ടിക്കല്‍ മൈല്‍ അകലെ കടലിടുക്കിലൂടെ പുറത്തുപോകുന്നതിനിടെ മറ്റൊരു ടാങ്കറില്‍ മൂന്ന് അജ്ഞാത പ്രൊജക്ടൈലുകള്‍ ഇടിച്ചതാണ് രണ്ടാമത്തെ സംഭവം. മരണങ്ങളോ പാരിസ്ഥിതിക ആഘാതമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും യു.കെ മാരിറ്റൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ പറഞ്ഞു. കപ്പലുകള്‍ക്ക് ആസന്നമായ ഭീഷണി ഉയര്‍ത്തുന്നതായി പറഞ്ഞ് ലാറക് ദ്വീപിലെ ഇറാന് റോക്കറ്റ്-ലോഞ്ചര്‍ കേന്ദ്രങ്ങള്‍ യു.എസ് സൈന്യം ദിവസങ്ങള്‍ക്കു മുമ്പ് ആക്രമിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







