മലപ്പുറം- സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തിയ അഭിപ്രായ പ്രകടനത്തിൽ തെറ്റില്ലെന്ന് സി.പി.എം നേതാവ് ടി.കെ ഹംസ. സ്ത്രീകൾക്ക് കുറച്ച് നിയന്ത്രണമൊക്കെ വേണം എന്നാണ് എ.പി പറഞ്ഞത്. നിയന്ത്രണം വേണ്ട എന്ന് ആർക്കാണ് അഭിപ്രായമുള്ളത്. സ്ത്രീകൾ അഴിഞ്ഞാടി നടക്കരുത് എന്ന് പണ്ടേ പറയുന്നതാണ്. ചില രംഗങ്ങൾ കാണുമ്പോൾ എ.പിയെ പോലെയുള്ള പണ്ഡിതൻമാർ അത് പറയും. അത് നേരത്തെ പറയുന്നതല്ലേ. പുതുതായി ഒന്നും ഉണ്ടായിട്ടില്ല. പുരുഷൻമാരെ പോലെ രാവും പകലും നടക്കാനും പുരുഷൻമാരെ പോലെ വേണ്ടാത്തരങ്ങളിൽ ഇടപെടരുതെന്നും ആണ് പറഞ്ഞത്.
സ്ത്രീകളുടെ പുരോഗതിക്ക് എതിരാണ് എന്ന രീതിയിൽ അഭിപ്രായം പറഞ്ഞിട്ടില്ല. മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കുമെല്ലാം എം.എൽ.എമാരുണ്ടായിട്ട് കാലം കുറേയായി. മതപരമായ കാര്യങ്ങൾ രാഷ്ട്രീയത്തിനായി ദുർവിനിയോഗം ചെയ്യുമ്പോഴാണ് കുഴപ്പമുണ്ടാക്കുന്നത്. പത്രക്കാരും ടി.വി ചാനലുകരുമൊക്കെ സത്യം പറയണം. ഓണാഘോഷത്തിലും മറ്റുമൊക്കെ എല്ലാരും പങ്കെടുത്തിട്ടുണ്ട്. ചിലത് അധികമായി എന്ന അഭിപ്രായം ചിലർക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വിവാദവും ഇല്ലെന്നും ടി.കെ ഹംസ പറഞ്ഞു.







