വാഷിംഗ്ടൺ/ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ പൂർണ്ണ തോതിലുള്ള യുദ്ധപ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇറാനെതിരെ വൻ സൈനിക നീക്കത്തിന് അമേരിക്ക. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പുവെക്കാൻ തയ്യാറായില്ലെങ്കിൽ ഇറാനെ പൂർണ്ണമായി നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇന്ന് രാത്രിയോടെ ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്നും, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപും മറ്റ് തന്ത്രപ്രധാന എണ്ണ അടിസ്ഥാന സൗകര്യങ്ങളും വാഷിംഗ്ടൺ പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഉടൻ ഉടമ്പടിക്ക് തയ്യാറാകാത്ത പക്ഷം അവരെ തകർക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ സൈനിക നീക്കങ്ങളിൽ ഇസ്രായിലിന് പങ്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കൻ വ്യോമാക്രമണത്തോടെ മുൻപുണ്ടാക്കിയ വെടിനിർത്തൽ കരാർ പൂർണ്ണമായും അർത്ഥശൂന്യമായതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. തങ്ങളുടെ സൈനികർക്കും വാണിജ്യ കപ്പലുകൾക്കും ഭീഷണിയുയർത്തുന്ന ഇറാന്റെ താവളങ്ങൾ ലക്ഷ്യമിട്ട് സ്വയംരക്ഷയ്ക്കെന്ന പേരിൽ യു.എസ് സൈന്യം വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, ഖേഷ്മ് ദ്വീപ്, തെക്കൻ നഗരങ്ങളായ സിരിക്, മിനാബ്, ടെഹ്റാന് പടിഞ്ഞാറുള്ള കരാജ എന്നിവിടങ്ങളിൽ യു.എസ് വൻ വ്യോമാക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങൾ, ടെലികോം സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ എന്നിവയാണ് തങ്ങൾ തകർത്തതെന്ന് യു.എസ് സൈന്യം സ്ഥിരീകരിച്ചു.
യു.എസ് ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് എല്ലാത്തരം കപ്പലുകൾക്കുമായി പൂർണ്ണമായും അടച്ചുപൂട്ടാൻ ഇറാൻ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്നതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും പതിനെട്ടോളം യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വൻ ആക്രമണം നടത്തി. ജോർദാനിലെ അസ്രഖ് യു.എസ് വ്യോമതാവളത്തിന് നേരെ തുടർച്ചയായ രണ്ടാം രാത്രിയും 12 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാറിന് വലിയ ഭീഷണിയാണ് നിലവിലെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. ഫെബ്രുവരി അവസാനം ഇറാനെതിരെ അമേരിക്കയും ഇസ്രായിലും നടത്തിയ കടുത്ത വ്യോമാക്രമണങ്ങളോടെ ആരംഭിച്ച യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന പ്രതീക്ഷകൾക്ക് ഇതോടെ മങ്ങലേറ്റു. ഇതിനിടെ, ലെബനന് നേരെ ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളും കനത്തു തുടരുകയാണ്. ദക്ഷിണ ലെബനനിലും ബെക്കാ വാലി മേഖലയിലും ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ മരിച്ചതായാണ് വിവരം. മാർച്ച് മാസം മുതൽ ഇസ്രായിൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 3,696 ആയി ഉയർന്നു.



